രണ്ട് പതിറ്റാണ്ടിലെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കേരളം കൂപ്പുകുത്തുന്നത്. കൊവിഡ് പ്രതിസന്ധി റവന്യു വരവിനെ ബാധിച്ചപ്പോള്‍, ശമ്പളപരിഷ്‌ക്കരണം ചെലവ് ഉയര്‍ത്തി. നികുതി ഉയര്‍ത്തിയാലും ചെലവ് ചുരുക്കിയാലും ഉടന്‍ വരുതിയില്‍ നിര്‍ത്താന്‍ കഴിയുന്നതല്ല പൊതുധനകാര്യം.
അടുത്ത വര്‍ഷം മുതല്‍ കേന്ദ്രവിഹിതം കുറയുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഇരട്ടിപ്പിക്കും. ഈ സാഹചര്യത്തില്‍ വലിയ പ്രഖ്യാപനങ്ങളല്ല ഇപ്പോള്‍ സംസ്ഥാനത്തിന് ആവശ്യം. ട്രഷറി പൂട്ടാതെ കാക്കാന്‍ ബജറ്റില്‍ എന്തൊക്കെ പോംവഴികള്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കണ്ടെത്തുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്.
കഴിഞ്ഞ ബജറ്റില്‍ കേരളം ലക്ഷ്യമിട്ട റവന്യു വരുമാനം 1,30,422കോടി രൂപ.എന്നാല്‍ ജനുവരി അവസാനം വരെ എത്തിയ തുക കേന്ദ്ര ഗ്രാന്റ് അടക്കം 86720കോടി രൂപ. ചെലവ് 1,29,055കോടിയും. കടമെടുത്ത് കേരളം നേരിടുന്ന ധനകമ്മി 44313കോടി രൂപ. ഈ വര്‍ഷം വന്ന വരുമാനത്തില്‍ 77735കോടിയും ചെലവഴിച്ചത് ശമ്പളവും പെന്‍ഷനും പലിശയും നല്‍കാനാണ്. ശമ്പള പരിഷ്‌ക്കരണം വരുത്തി വച്ചത് ഭീമമായ ബാധ്യതയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പത്ത് മാസം ശമ്പളം നല്‍കാന്‍ ചെലവഴിച്ചത് 23000 കോടിയെങ്കില്‍ ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 38000 കോടി രൂപ കടന്നു.
ഇപ്പോള്‍ കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കൊവിഡാണെങ്കില്‍ അടുത്ത ബജറ്റ് വര്‍ഷം കേരളത്തെ ബാധിക്കുന്നത് കേന്ദ്ര വിഹിതത്തിലെ ഇടിവാണ്. റവന്യു വരവ് ഇടിയുമ്പോള്‍ കേരളത്തിന് ലഭിക്കുന്ന കേന്ദ്രസഹായത്തില്‍ മാത്രം കുറയുക ആറായിരം കോടിയാണ്. ജൂണ്‍ മുതല്‍ ജിഎസ്ടി നഷ്ടപരിഹാരവും ഇല്ലാതാകും. ഒറ്റയടിക്ക് ആകെ നഷ്ടം 15000കോടി രൂപയായിരിക്കും.
ഖജനാവ് ഒഴിയാതെ കാക്കണം. നിലവിലെ ക്ഷേമ പദ്ധതികള്‍ തുടരുകയും വേണം .വല്ലാത്ത പ്രതിസന്ധിയിലാണ് സര്‍ക്കാര്‍. ഇടംവലം നോക്കാതെ ദുര്‍ചെലവ് പിടിച്ചുനിര്‍ത്തുക മാത്രമാണ് തത്കാലം പിടിവള്ളി. അതിനുള്ള ആര്‍ജവം രണ്ടാം പിണറായി സര്‍ക്കാര്‍ പുറത്തെടുക്കുമോയെന്നാണ് കാത്തിരിക്കുന്നത്.
Post a Comment