കൂടുതല്‍ സന്തോഷം ഇത്തവണയും ഫിന്‍ലന്‍ഡിന്; ഹാപ്പിനെസ് റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം 136

തുടര്‍ച്ചയായി അഞ്ചാം തവണയും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി വിട്ടുകൊടുക്കാതെ ഫിന്‍ലന്‍ഡ്. 2022ലെ ഹാപ്പിനെസ് റിപ്പോര്‍ട്ടിലും ഒന്നാമത് തന്നെയാണ് ഫിന്‍ലന്‍ഡിന്റെ സ്ഥാനം. 146 രാജ്യങ്ങളുടെ സന്തോഷ സൂചികയുടെ അടിസ്ഥാനത്തിലാണ് ഹാപ്പിനെസ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇന്നലെ രാത്രിയാണ് റിപ്പോര്‍ട്ട് പുറത്തെത്തിയത്. ഫിന്‍ലന്‍ഡിന് തൊട്ടുപിന്നില്‍ ഡെന്‍മാര്‍ക്കുമുണ്ട്.

ഫിന്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, ഐസ്ലന്‍ഡ്, സ്വറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, ലക്‌സംബെര്‍ഗ്, സ്വീഡന്‍, നോര്‍വെ, ഇസ്രയേല്‍, ന്യൂസീലന്‍ഡ് എന്നിവയാണ് ഹാപ്പിനെസ് റിപ്പോര്‍ട്ടിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടംപിടിച്ച രാജ്യങ്ങള്‍. കഴിഞ്ഞ തവണ ഓസ്‌ട്രേലിയ ആദ്യ പത്തില്‍ ഇടംപിടിച്ചിരുന്നെങ്കിലും ഇത്തവണ ഓസ്‌ട്രേലിയ ലിസ്റ്റില്‍ താഴേക്കുപോയി.

ഇത്തവണയും ഇന്ത്യയുടെ സ്ഥാനം പട്ടികയില്‍ താഴെയാണ്. 136-ാം സ്ഥാനത്താണ് ലിസ്റ്റില്‍ ഇന്ത്യയുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 139 ആയിരുന്നു. ഇന്ത്യയിലെ ആളുകളുടെ സന്തോഷത്തെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും പ്രസക്തമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പുറത്തുവരുന്ന ഹാപ്പിനെസ് റിപ്പോര്‍ട്ടുകള്‍.

സാംബിയ, മലാവി, ടാന്‍സാനിയ, സിറേ ലിയോണ്‍, ബോട്‌സ്വാന, വാന്‍ഡ, സിംബാവെ, ലെബനന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. സ്വാതന്ത്ര്യം, സമാധാനം, സാമ്പത്തിക വളര്‍ച്ച, ആരോഗ്യപരിപാലനം, സാമൂഹ്യ പുരോഗതി എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് ഹാപ്പിനെസ് റിപ്പോര്‍ട്ട് തയാറാക്കിയത്. 


Post a Comment

Previous Post Next Post