കണ്ണൂർ വിമാനത്താവളത്തിൽ റാപ്പിഡ് പി.സി.ആർ. പരിശോധന ഇനി അബുദാബി യാത്രക്കാർക്ക് മാത്രം

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് യു.എ.ഇ.യിലേക്കുള്ള യാത്രക്കാർക്ക് യാത്ര പുറപ്പെടുന്നതിനുമുൻപ്‌ നടത്തേണ്ട റാപ്പിഡ് പി.സി.ആർ. പരിശോധന ഇനി അബുദാബിയിലേക്ക് പോകുന്നവർക്ക് മാത്രം. ദുബായ്, ഷാർജ യാത്രക്കാർക്ക് റാപ്പിഡ് പി.സി.ആർ. പരിശോധന ഒഴിവാക്കിയതോടെയാണിത്‌.

കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്ക് റാപ്പിഡ് പരിശോധന ഒഴിവാക്കി ദുബായ് വ്യോമയാന അതോറിറ്റി അറിയിപ്പ് നൽകിയത്. 48 മണിക്കൂർമുൻപുള്ള ആർ.ടി.പി.സി.ആർ. പരിശോധനാഫലം ഹാജരാക്കണം. കണ്ണൂർ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ റാപ്പിഡ് പരിശോധനയ്ക്ക് അമിത ചാർജ് ഈടാക്കുന്നതായി പരാതി വ്യാപകമായിരുന്നു.

ആർ.ടി.പി.സി.ആർ. പരിശോധനയിൽ നെഗറ്റീവായവർ വിമാനത്താവളത്തിൽ നടത്തുന്ന പരിശോധനയിൽ പോസിറ്റീവാകുന്നതും പതിവായിരുന്നു. 2,459 രൂപയാണ് വിമാനത്താവളത്തിലെ പി.സി.ആർ. പരിശോധനയ്ക്ക് ഈടാക്കിയിരുന്നത്. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് അടുത്തിടെ ഇത് 1200 രൂപയാക്കി കുറച്ചിരുന്നു. കണ്ണൂരിൽനിന്ന് അബുദാബിയിലേക്ക് ആഴ്ചയിൽ നാലുദിവസമാണ് സർവീസ്. ഷാർജയിലേക്കാണ് നിലവിൽ കൂടുതൽ സർവീസുകളും യാത്രക്കാരുമുള്ളത്.


Post a Comment

Previous Post Next Post