ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യത. ഈ വർഷത്തെ ആദ്യ ന്യൂനമർദം തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ മാർച്ച് ആദ്യവാരത്തോടെ രൂപം കൊള്ളുമെന്നാണ് കാലാവസ്ഥാ അവലോകനം. ഇത് കേരളത്തിലടക്കം മഴ നൽകാൻ കാരണമാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു.
ചക്രവാതച്ചുഴി നാളെയോടെ
മലാക്ക കടലിടുക്കിനു സമീപത്തായി അന്തരീക്ഷത്തിന്റെ താഴ്ന്ന, മധ്യ മേഖലകളിലായി കാറ്റിന്റെ ചുഴി ഇപ്പോൾ ദൃശ്യമാണ്. ഇത് നാളെയോടെ തെക്കൻ ആൻഡമാൻ കടലിലേക്ക് നീങ്ങും. ഇതിന്റെ സ്വാധീനം മൂലം മാർച്ച് ആദ്യ വാരത്തോടെ മേഖലയിൽ ന്യൂനമർദം രൂപപ്പെടാനാണ് സാധ്യത. മാർച്ച് ഒന്നിനോ രണ്ടിനോ ന്യൂനമർദം രൂപം കൊള്ളുമെന്നും തമിഴ്‌നാട്ടിൽ ശക്തമായ മഴക്ക് ഈ ന്യൂനമർദം കാരണമാകുമെന്നും അറിയിപ്പ്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നാളെ മുതൽ നാലു ദിവസം ശക്തമായ മഴ ലഭിക്കും. തമിഴ്‌നാട്ടിൽ ചൊവ്വാഴ്ച മുതൽ തീരദേശത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ട്.
കേരളത്തിലും മഴ ചൊവ്വ മുതൽ
തെക്കൻ കേരളത്തിൽ ചൊവ്വമുതൽ മഴക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലകളിലും എറണാകുളം ജില്ലയുടെ കിഴക്കും, മലപ്പുറം മലയോര മേഖലയിലുമാണ് മഴ സാധ്യത. ബുധനാഴ്ച കേരളത്തിന്റെ കിഴക്കൻ മേഖലകളിലെല്ലാം മഴക്ക് സാധ്യതയുണ്ട്. വടക്കൻ ജില്ലകളിലേക്കും മഴ വ്യാപിക്കും. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലും ബുധനാഴ്ച മഴ പ്രതീക്ഷിക്കാം. ഈ ജില്ലകളുടെ കിഴക്കൻ മേഖലകളിലാകും മഴ ലഭിക്കുക. ഒപ്പം മധ്യ, തെക്കൻ കേരളത്തിലെ ജില്ലകളിലും വേനൽമഴ സജീവമാകും.
Post a Comment