സിലബസിൽ ഇല്ലാത്ത 'കെമിസ്ട്രി': വടകര എംഡിഎംഎ കേസിൽ ഒരു ടീച്ചർ കൂടി അകത്ത്


കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ ഒരു അദ്ധ്യാപിക കൂടി അറസ്റ്റിലായി. പേ‌രാമ്പ്ര ബിആർസിയിലെ അദ്ധ്യാപികയും ആവള കുട്ടോത്ത് സ്വദേശിനിയായ വലിയപറമ്പില്‍ വി പി നീഷ്മ (30)ആണ് അറസ്റ്റിലായത്.

നീഷ്മയ്ക്ക് ലഹരി സംഘവുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് പൊലീസ് ഇവരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇന്നുരാവിലെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിശേഷം അറസ്റ്റുചെയ്യുകയായിരുന്നു. ഈ കേസില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ അദ്ധ്യാപികയാണ് നീഷ്മ. നേരത്തേ ഈ കേസില്‍ പേ‌രാമ്പ്ര ബിആർസിസിലെ അദ്ധ്യാപികമാരായ കീർത്തന, കാവ്യ എന്നിവർ അറസ്റ്റിലായിരുന്നു.
ലഹരിസംഘവുമായുള്ള ഇടപാടില്‍ നീഷ്മയ്ക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. സാമ്പത്തിക ഇടപാടിന് പുറമേ മൂവരും നിരന്തരം ലഹരി ഉപയോഗിച്ചിരുന്നു എന്നും ചോദ്യംചെയ്യലില്‍ നീഷ്മ സമ്മതിച്ചതായാണ് വിവരം. കേസില്‍ ഇനിയും കൂടുതല്‍ പ്രതികളുണ്ടെന്നും അവരെല്ലാം നിരീക്ഷണത്തിലാണെന്നുമാണ് പൊലീസ് പറയുന്നത്.
ഇൻസ്റ്റഗ്രാം വഴിയാണ് മൂവരും മാഫിയയുമായി ബന്ധം സ്ഥാപിച്ചതെന്നും ലഹരിമരുന്ന് ഇടപാടുകളാണ് സംഘം നടത്തുന്നതെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ബന്ധപ്പെട്ടതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മംഗളൂരുവിലുള്ള ഒരു സുഹൃത്താണ് ഇവർക്ക് ആദ്യം ലഹരി നല്‍കിയത്. അദ്ധ്യാപികമാരായതിനാല്‍ മാഫിയ ഇവരെ പരാമാവധി ഉപയോഗപ്പെടുത്തുകയായിരുന്നു.

Post a Comment

Previous Post Next Post