ഏട്ട് മണിക്കൂര്‍ ഉറങ്ങിയിട്ടും കട്ടിലില്‍ എഴുന്നേറ്റിരുന്നും ജോലി സ്ഥലത്തും ഉറക്കം തൂങ്ങുന്നവരെ കണ്ടിട്ടില്ലേ.ഇങ്ങനെ ക്ഷീണം തോന്നുന്നുവെങ്കില്‍ അതിനു കാരണം ഉറക്കക്കുറവല്ല, 'സ്ലീപ്പ് ഇനര്‍ഷ്യ' എന്ന അവസ്ഥയാകാം. ഉണരുമ്പോള്‍ അനുഭവപ്പെടുന്ന ഈ മന്ദത ശ്രദ്ധ, മാനസികനില, ശരീര ചലനം എന്നിവയെ മിനിറ്റുകളോളം ബാധിക്കാറുണ്ട്.
തലച്ചോറ് ഉറക്കത്തില്‍ നിന്ന് ഉണരുമ്പോഴാണ് സ്ലീപ്പ് ഇനര്‍ഷ്യ അനുഭവപ്പെടുന്നത്. ഇത് സാധാരണയായി 15 മുതല്‍ 30 മിനിറ്റ് വരെ നീണ്ടു നില്‍ക്കാം. തലച്ചോറിന്റെ ചില ഭാഗങ്ങള്‍ സാവധാനം ഉണരുന്നതിനാല്‍ ചിന്താ ശേഷിയും പ്രതികരണ ശേഷിയും കുറയും. തീരുമാനങ്ങളെടുക്കാന്‍ പ്രയാസമാവുകയും ചെയ്യാം. ഗാഢമായ ഉറക്കത്തില്‍ നിന്ന് ഉണരുമ്പോള്‍ സ്ലീപ്പ് ഇനര്‍ഷ്യ ശക്തമാകും. ഊര്‍ജം താഴ്ന്നിരിക്കുമ്പോള്‍ ഉണര്‍ന്നാലും തലച്ചോറിന് മന്ദത അനുഭവപ്പെടാം.
ചിലരില്‍ സ്ലീപ്പ് ഇനര്‍ഷ്യ കൂടുതല്‍ സമയം നിലനില്‍ക്കാം. പെട്ടെന്ന് ഉണരുമ്പോഴാണ് ഈ അവസ്ഥ പ്രധാനമായും ഉണ്ടാകുന്നത്. എട്ട് മണിക്കൂര്‍ ഉറങ്ങിയാലും ഉറക്കത്തിന്റെ ഗുണമേന്മ കുറയാന്‍ നിരവധി കാരണങ്ങളുണ്ട്. കൂര്‍ക്കംവലി, മൂക്കടപ്പ്, അന്തരീക്ഷത്തിലെ ചൂട്, ദഹന പ്രശ്‌നങ്ങള്‍, ശ്വാസതടസങ്ങള്‍ എന്നിവ ക്ഷീണം വര്‍ധിപ്പിക്കുന്ന കാരണങ്ങളാണ്. ഉറങ്ങും മുന്‍പുള്ള ശീലങ്ങളും സ്ലീപ്പ് ഇനര്‍ഷ്യ വര്‍ധിപ്പിക്കാം. സ്‌ക്രീനിലെ നീലവെളിച്ചം മെലാറ്റോണിന്‍ വൈകിപ്പിക്കും. രാത്രിയിലെ അമിതമായ ഭക്ഷണവും കഫീനും ഉറക്കത്തെ തടസപ്പെടുത്തും. മദ്യം കഴിക്കുന്നത് ഒരാളെ വേഗം ഉറക്കിയാലും പിന്നീട് ഉന്മേഷത്തെ ദോഷകരമായി ബാധിക്കും.സ്ഥിരമായ ഉറക്കക്കുറവ് സ്ലീപ്പ് ഇനര്‍ഷ്യയിലേക്കു നയിക്കും. പ്രവൃത്തി ദിനങ്ങളില്‍ കുറച്ചുറങ്ങി വാരാന്ത്യങ്ങളില്‍ നികത്താന്‍ ശ്രമിക്കുന്നത് ശരീരത്തിന്റെ താളം തെറ്റിക്കും. ഇത് തിങ്കളാഴ്ചകളില്‍ സ്ലീപ്പ് ഇനര്‍ഷ്യ ശക്തമാക്കും.
ഉറങ്ങാനും ഉണരാനും കൃത്യമായ സമയം പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഇരുണ്ടതും തണുത്തതുമായ ശാന്തമായ കിടപ്പുമുറി ആഴത്തിലുള്ള ഉറക്കത്തിന് സഹായിക്കും. ഉറങ്ങും മുന്‍പ് സ്‌ക്രീനും കഫീനും മദ്യവും കുറയ്ക്കുക. പ്രഭാത ധ്യാനം, വ്യായാമം, നടത്തം, സംഗീതം എന്നിവ ശരീരത്തിനും തലച്ചോറിനും ഉന്മേഷം നല്‍കും.
രാവിലെയുള്ള നിരന്തര ക്ഷീണം ആരോഗ്യപ്രശ്‌നങ്ങളുടെ സൂചന കൂടിയാവാം. ഉറക്കത്തിലെ കൂര്‍ക്കംവലി, ശ്വാസംമുട്ടല്‍, പതിവായ തലവേദന എന്നിവ ശ്രദ്ധിക്കുക. ഇത്തരം പ്രശ്‌നങ്ങള്‍ തുടര്‍ച്ചയായി അനുഭവപ്പെട്ടാല്‍ ഡോക്ടറെ സമീപിക്കാം. ദിനചര്യ മാറ്റങ്ങളിലൂടെ സ്ലീപ്പ് ഇനര്‍ഷ്യ കുറച്ച് മെച്ചപ്പെട്ട ഉറക്കം നേടാം.
Post a Comment