പണമില്ലെങ്കിലും അത്യാഹിത ചികിത്സ നല്‍കണം; ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്


തിരുവനന്തപുരം:  കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സേവനങ്ങളില്‍ സുതാര്യത ഉറപ്പാക്കുന്നതിനുമായി ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമ വ്യവസ്ഥകള്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ്.
ഒരു അത്യാഹിതം സംഭവിച്ച്‌ വരുന്ന രോഗിയെ പ്രാഥമിക ചികിത്സ നല്‍കി അടിയന്തര സാഹചര്യം തരണം ചെയ്യാൻ സഹായിക്കേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്.
മുൻകൂർ തുകയടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാല്‍ ചികിത്സ നിഷേധിക്കരുത്. കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെങ്കില്‍ അതിനുള്ള യാത്രാസൗകര്യമൊരുക്കണം. ചികിത്സാ വിവരങ്ങളും കൈമാറണം. ഡിസ്ചാർജ് ചെയ്താലുടൻ എല്ലാ ചികിത്സാ രേഖകളും പരിശോധനാ റിപ്പോർട്ടുകളും രോഗിക്ക് നല്‍കണം.
സംസ്ഥാനത്ത് രജിസ്ട്രേഷൻ ഇല്ലാതെ ഒരു ക്ലിനിക്കല്‍ സ്ഥാപനത്തിനും പ്രവർത്തിക്കാൻ അനുവാദമില്ല. രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കും. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പൊതുജനങ്ങള്‍ കാണുന്ന രീതിയില്‍ സ്ഥാപനത്തില്‍ പ്രദർശിപ്പിക്കണം. ആശുപത്രികള്‍, ലബോറട്ടറികള്‍, ദന്തചികിത്സാകേന്ദ്രങ്ങള്‍, ആയുഷ് ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങി കിടക്കകളോട് കൂടിയതോ അല്ലാത്തതോ ആയ രോഗനിർണ്ണയം അല്ലെങ്കില്‍ പരിചരണം നല്‍കുന്ന സ്ഥാപനങ്ങളെല്ലാം നിയമപ്രകാരം ക്ലിനിക്കല്‍ സ്ഥാപനങ്ങളാണ്.
നല്‍കുന്ന സേവനങ്ങള്‍ക്കും ചികിത്സയ്ക്കും ബാധകമായ ഫീസ് നിരക്കുകളും പാക്കേജുകളും, പരാതി പരിഹാര ആഫീസറുടെ ഇ-മെയില്‍ വിലാസം, പേര്, ഫോണ്‍നമ്പർ, ജില്ലാ മെഡിക്കല്‍ ഓഫീസർ, ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി എന്നിവരെ ബന്ധപ്പെടുവാനുള്ള സംവിധാനം, ഫോണ്‍നമ്പറുകള്‍ തുടങ്ങി രോഗികളുടെ അവകാശങ്ങളും ലഭ്യമായ സൗകര്യങ്ങളുടെ വിവരങ്ങളും മലയാളത്തിലും ഇംഗ്ലീഷിലും അഡ്മിഷൻ ഡസ്‌കില്‍/റിസപ്ഷൻ സ്ഥലത്ത് പ്രദർശിപ്പിക്കുകയും സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതുമാണെന്ന് ആരോഗ്യവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ രാജൻ ഖോബ്രഗഡെ അറിയിച്ചു.

Post a Comment

Previous Post Next Post