രാജ്യത്തെ റോഡ് ഗതാഗത നിയമങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് കേന്ദ്ര മോട്ടോർ വാഹന നിയമം 2026 ഭേദഗതി ചെയ്തു.പുതിയ പരിഷ്കാരങ്ങള്‍ പ്രകാരം, ടോള്‍ പ്ലാസകളിലെ കുടിശ്ശിക തീർക്കാത്ത വാഹനങ്ങള്‍ക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ലഭിക്കില്ല. ഇതോടെ കുടിശ്ശികയുള്ള വാഹനങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറാനോ, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കാനോ, വാണിജ്യ വാഹനങ്ങളുടെ പെർമിറ്റ് എടുക്കാനോ സാധിക്കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വ്യക്തമാക്കി.
എന്താണ് പുതിയ നിയമം?
ടോള്‍ പ്ലാസകളില്‍ നിർത്താതെ തന്നെ യാത്ര സാധ്യമാക്കുന്ന ‘മള്‍ട്ടി-ലെയ്ൻ ഫ്രീ ഫ്ലോ’ സംവിധാനത്തിലേക്ക് രാജ്യം മാറുകയാണ്. ഫാസ്‌ടാഗ്, എഎൻപിആർ ക്യാമറകള്‍, എഐ സാങ്കേതികവിദ്യ എന്നിവ വഴി ടോള്‍ തുക ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് കുറയ്ക്കും. എന്നാല്‍ അക്കൗണ്ടില്‍ പണമില്ലാത്ത സാഹചര്യത്തില്‍ ടോള്‍ തുക അടയ്ക്കാതെ പോകുന്നത് ഇനി ‘കുടിശ്ശിക’യായി കണക്കാക്കും. ഇത്തരക്കാർക്ക് ഇ-നോട്ടീസ് അയയ്ക്കുകയും പണമടച്ചില്ലെങ്കില്‍ ഫാസ്‌ടാഗ് ബ്ലോക്ക് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
ഫോം 28-ലെ മാറ്റങ്ങള്‍
വാഹന കൈമാറ്റത്തിന് ആവശ്യമായ ഫോം 28-ല്‍ കുടിശ്ശിക സംബന്ധിച്ച വിവരങ്ങള്‍ നിർബന്ധമായും രേഖപ്പെടുത്തണം. ഓണ്‍ലൈൻ പോർട്ടല്‍ വഴി ഇപ്പോള്‍ ഈ വിവരങ്ങള്‍ പരിശോധിക്കാനും ഫോം പൂരിപ്പിക്കാനും സാധിക്കും. കുടിശ്ശിക അടയ്ക്കാതെ വാഹന കൈമാറ്റം പൂർത്തിയാക്കാൻ കഴിയില്ലെന്നത് നിയമപരമായ ബാധ്യതയായി മാറിയിരിക്കുകയാണ്.
Post a Comment