വിജയ്ക്ക് കനത്ത തിരിച്ചടി; 'ജനനായകൻ' റിലീസ് വൈകും


ചെന്നൈ: വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി. ചിത്രത്തിന് ഉടൻ "യുഎ' സർട്ടിഫിക്കറ്റ് നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡ് നല്‍കിയ അപ്പീലിലാണ് വിധി.സിനിമയ്ക്ക് എതിരായ പരാതിയില്‍ ഉന്നയിച്ചിട്ടുള്ള കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍, സെൻസർ ബോർഡിന് തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള മതിയായ അവസരം നല്‍കേണ്ടതായിരുന്നു എന്ന് കോടതി അഭിപ്രായപ്പെട്ടു. സ്വാഭാവിക നീതി ഉറപ്പാക്കുന്നതിനായി കേസ് വീണ്ടും സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് അയച്ചു. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുള്‍ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
ചിത്രത്തിന് 'യുഎ' സർട്ടിഫിക്കറ്റ് നല്‍കാൻ സെൻസർ ബോർഡിന്റെ പരിശോധനാ സമിതി ആദ്യം തീരുമാനിച്ചിരുന്നു. എന്നാല്‍, സമിതിയിലെ ഒരംഗത്തിന്റെ പരാതിയെത്തുടർന്ന് സിബിഎഫ്സി ചെയർമാൻ ചിത്രം പുനഃപരിശോധനയ്ക്കായി റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചു. ഇതിനെതിരെ നിർമാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു.
ചെയർമാന്റെ നടപടി തെറ്റാണെന്നും ഉടൻ സർട്ടിഫിക്കറ്റ് നല്‍കണമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവുമിട്ടു. എന്നാല്‍, സെൻസർ ബോർഡ് നല്‍കിയ അപ്പീല്‍ പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.
നിർമാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഈ നടപടിയില്‍ ഇടപെടാൻ കോടതി വിസമ്മതിച്ചു. വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോഴത്തെ ഈ നടപടി.

Post a Comment

Previous Post Next Post