'എന്നും എല്ലാവര്‍ക്കും നന്മകള്‍ മാത്രം നേരുന്നു'; പേനയും പേപ്പറും നെഞ്ചോട് ചേര്‍ന്നു; ശ്രീനി മടങ്ങി...


കൊച്ചി: മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച മറക്കാനാകാത്ത ഓർമകള്‍ സമ്മാനിച്ച അതുല്യ പ്രതിഭ നടൻ ശ്രീനിവാസന് വിട നല്‍കി കേരളം.
ഇന്ന് രാവിലെ 11:50 ഓടെ തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. അങ്ങേയറ്റം വൈകാരിക നിമിഷങ്ങള്‍ക്കാണ് കണ്ടനാട്ടെ വീടും പരിസരവും സാക്ഷിയായത്. മക്കളായ വിനീതും ധ്യാനും അന്ത്യകർമങ്ങള്‍ നിർവഹിച്ചു. മൂത്തമകൻ വിനീത് ശ്രീനിവാസൻ ആണ് ചിതയ്ക്ക് തീ കൊളുത്തിയത്.ഒരേസമയം മലയാളത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസനെ പേനയും പേപ്പറും നെഞ്ചോട് ചേർത്താണ് ആത്മസുഹൃത്ത് സത്യൻ അന്തിക്കാട് യാത്രയാക്കിയത്. അവാസാനമായി പ്രിയ താരത്തെ ഒരു നോക്ക് കാണാൻ കണ്ടനാട്ടെ വീട്ടിലേക്ക് ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. ശനിയാഴ്ച എറണാകുളം ടൗണ്‍ ഹാളിലെ പൊതുദർശനത്തിനും ജനസാഗരമാണ് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്.
രാഷ്ട്രീയ - സിനിമ- സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചത്. മലയാളികളുടെ മുഴുവൻ ഇഷ്ടവും നെഞ്ചിലേറ്റിയാണ് ശ്രീനിവാസൻ മടങ്ങുന്നത്. ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ വിട പറഞ്ഞതു പോലെയാണ് ശ്രീനിവാസന്റെ വിയോഗം മലയാളികളില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇന്നലെ രാവിലെയാണ് മലയാളിയുടെ പ്രിയപ്പെട്ട ശ്രീനി വിടപറഞ്ഞത്. ഇന്നലെ രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം.
ഡയാലിസിസിനായി കൊണ്ടുപോകുമ്ബോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ മരണം സ്ഥിരീകരിച്ചു. മലയാളിയുടെ ഏത് ജീവിത സാഹചര്യത്തിലും ഉപയോഗിക്കാൻ പറ്റുന്ന ഒട്ടേറെ ഡയലോഗുകളും കഥാപാത്രങ്ങളും സമ്മാനിച്ചിട്ടാണ് അദ്ദേഹത്തിന്റെ മടക്കം. 2012 ലാണ് കണ്ടനാട്ടെ വീടിരിക്കുന്ന സ്ഥലവും ഏക്കറുകള്‍ പരന്നു കിടക്കുന്ന തരിശായ പാടശേഖരങ്ങളും ശ്രീനിവാസന്‍ വാങ്ങുന്നത്.

Post a Comment

Previous Post Next Post