വയനാട് തുരങ്ക പാതയുടെ നിര്‍മാണം തുടരാം; വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി:  വയനാട് തുരങ്ക പാതയുടെ നിർമാണം തുടരാമെന്ന് ഹൈക്കോടതി. നിർമാണം തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി.വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹരജിയാണ് തള്ളിയത്. തുരങ്ക പാത നിര്‍മ്മിക്കുന്ന സമയത്തുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയത്.
കിഫ്ബി ധനസഹായത്താല്‍ 2134 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാതയുടെ നിര്‍മാണം നടക്കുന്നത്. ഇന്ത്യയിലെ ദൈര്‍ഘ്യമേറിയ മൂന്നാമത്തെ ട്വിന്‍ ട്യൂബ് ടണലാണ് കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച്‌ നിര്‍മിക്കുന്നത്. കൊച്ചി - ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായതും ടൂറിസം മേഖലയില്‍ അനന്തമായ സാധ്യതകളുടെ വാതില്‍ തുറക്കുന്നതുമായ ഈ തുരങ്കപാത കേരളത്തിന്റെ വികസനരംഗത്ത് വന്‍ കുതിച്ചുചാട്ടം സൃഷ്ടിക്കും.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ താമരശ്ശേരി ചുരത്തിലെ തിരക്ക് ഒഴിവാകും, കോഴിക്കോട് - വയനാട് ഗതാഗതം സുഗമമാകും, യാത്രാസമയവും കുറയുമെന്നാണ് കണക്കുകൂട്ടുന്നത്. ഈ വര്‍ഷം ആഗസ്ത് 31ന് മുഖ്യമന്ത്രി പിണറായി വിജയനാണ് തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചിരുന്നത്. ആനക്കാംപൊയിലില്‍ നിന്നും മേപ്പാടിയിലെ കള്ളാടിവരെയുള്ള പ്രദേശത്തേക്കാണ് തുരങ്കപാത വരുന്നത്.

Post a Comment

Previous Post Next Post