തിരുവനന്തപുരം: കേരളത്തില്‍ തണുപ്പ് വീണ്ടും കഠിനമാകുന്നു. താല്‍ക്കാലികമായി ഇന്നലെ വിട്ടുനിന്ന തണുപ്പ് ഇന്ന് വീണ്ടും ചെറുതായി വർധിച്ച് തിരിച്ചുവന്നിരിക്കുകയാണെന്ന് രാജീവൻ എരിക്കുളം ഫേസ്ബുക്കില്‍ കുറിച്ചു.വരും ദിവസങ്ങളിലും ഈ സാഹചര്യം തുടരാനാണ് സാധ്യത.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും ഐ.എം.ഡി-എ.ഡബ്ല്യു.എസ് കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ കുണ്ടള ഡാമിലാണ് (6.7°C). മൂന്നാറില്‍ 9.1°C ആണ് കുറഞ്ഞ താപനില. മറ്റ് മലയോര മേഖലകളിലും വടക്കൻ കേരളത്തിലും തണുപ്പ് 11°C നും 20°C നും ഇടയിലായി തുടരുന്നു.
മഴ സാധ്യത
തണുപ്പിനൊപ്പം തന്നെ സംസ്ഥാനത്തെ ചില ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലും ലക്ഷദ്വീപിലും നേരിയ മഴയ്ക്ക്സാധ്യതയുണ്ട്. എന്നാല്‍ ഡിസംബർ 19 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ കേരളത്തിലുടനീളം മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
നിലവില്‍ കേരളത്തിലെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. വരും ദിവസങ്ങളില്‍ പുലർച്ചെ അനുഭവപ്പെടുന്ന കഠിനമായ തണുപ്പ് തുടരുമെന്നാണ് വിലയിരുത്തല്‍.
Post a Comment