ഗോവയിലെ ക്ലബ്ബില്‍ തീപിടിത്തം; 23 പേര്‍ക്ക് ദാരുണാന്ത്യം, അപകടം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌


പാനജി: ഗോവയിലെ ക്ലബ്ബിലുണ്ടായ തീപിടിത്തത്തില്‍ 23 പേർക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും 20 പുരുഷന്മാരും ഉള്‍പ്പെടുന്നു.
ഗോവയിലെ അർപോറയിലെ നിശാക്ലബ്ബില്‍ ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ വിനോദസഞ്ചാരികളും റെസ്റ്റോറന്റിലെ ജീവനക്കാരും ഉള്‍പ്പെടുന്നു. ശ്വാസംമുട്ടിയാണ് മിക്കവരും മരിച്ചത്.

ബാഗയിലെ ബിർച്ച്‌ ബൈ റോമിയോ ലേൻ എന്ന ക്ലബ്ബിലാണ് അഗ്നിബാധയുണ്ടായത്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി തീയണയ്ക്കുകയും അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം ഗോവ പോലീസ് മേധാവി അലോക് കുമാർ സ്ഥിരീകരിച്ചു. ഇതുവരെ 23 പേർ മരിച്ചതായി ഗോവ പോലീസ് മേധാവി പറഞ്ഞു.

പോലീസും അഗ്നിശമന സേനയും ആംബുലൻസുകളും ഉടൻ സ്ഥലത്തെത്തി. തീ ഇപ്പോള്‍ നിയന്ത്രണത്തിലാണ്. എല്ലാ മൃതദേഹങ്ങളും കണ്ടെടുത്തു. ആകെ 23 പേർ മരിച്ചു. സംഭവത്തിന്റെ കാരണം പോലീസ് അന്വേഷിക്കും. കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് ഡിജിപി അലോക് കുമാർ പറഞ്ഞു. അർധരാത്രിക്ക് തൊട്ടുപിന്നാലെയാണ് പോലീസിന് വിവരം ലഭിച്ചത്. രാത്രി 12.04നാണ് പോലീസിന് തീപിടിത്തവുമായി ബന്ധപ്പെട്ട സന്ദേശം ലഭിച്ചതെന്ന് ഡിജിപി കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post