തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.
അനില്‍ ഡിസംബർ 22ന് രാവിലെ 10ന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കില്‍ നിർവഹിക്കും. ഡിസംബർ 31 വരെയാണ് മേളകള്‍ പ്രവർത്തിക്കുക.
ആറ് ജില്ലകളില്‍ പ്രത്യേകമായി ഒരുക്കിയ വേദികളിലാണ് മേളകള്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈൻ ഡ്രൈവ്, തൃശ്ശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളില്‍ വച്ചാണ് മേള നടക്കുന്നത്. ഇതിന് പുറമെ സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാല ക്രിസ്മസ് ഫെയറായി പ്രവർത്തിക്കും.
പ്രമുഖ ബ്രാൻഡുകളുടെ 280ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് 5 മുതല്‍ 50 ശതമാനം വരെ വിലക്കുറവും മേളകളില്‍ ലഭ്യമാകും. സപ്ലൈകോ നിലവില്‍ നടപ്പിലാക്കി വരുന്ന 20 കിലോഗ്രാം അരി 25 രൂപയ്ക്ക് നല്‍കുന്ന പദ്ധതി മേളകളിലും തുടരും.500 രൂപയ്ക്ക് മുകളില്‍ സബ്സിഡി ഇതര സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് ലഭിക്കും. ക്രിസ്മസിനോടനുബന്ധിച്ച് 'സാന്റ ഓഫർ' എന്ന പേരില്‍ 12 ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെട്ട പ്രത്യേക കിറ്റും ഡിസംബർ 22 മുതല്‍ സപ്ലൈകോ വില്‍പ്പനശാലകളില്‍ ലഭ്യമാകും. കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകള്‍ എന്നിവ ഉള്‍പ്പെട്ട 667 രൂപ മൂല്യമുള്ള കിറ്റ് 500 രൂപയ്ക്കാണ് ലഭിക്കുക.
ഉപഭോക്താക്കള്‍ക്കായി പ്രത്യേക കൂപ്പണുകളും സപ്ലൈകോ ഒരുക്കുന്നുണ്ട്. സപ്ലൈകോ പെട്രോള്‍ പമ്ബുകളില്‍ നിന്ന് 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും, ആയിരം രൂപയ്ക്ക് മുകളില്‍ ഇന്ധനം നിറയ്ക്കുന്ന മറ്റ് വാഹനങ്ങള്‍ക്കും കൂപ്പണുകള്‍ നല്‍കും. ആയിരം രൂപയ്ക്ക് സബ്സിഡി സാധനങ്ങള്‍ വാങ്ങുമ്ബോള്‍ ഈ കൂപ്പണ്‍ ഉപയോഗിച്ചാല്‍ 50 രൂപ ഡിസ്കൗണ്ട് ലഭിക്കും.
സപ്ലൈകോയുടെ അത്യാധുനിക ഷോപ്പിംഗ് മാളായ 'സിഗ്നേച്ചർ മാർട്ട്' ജനുവരിയില്‍ പ്രവർത്തനം ആരംഭിക്കും. തലശ്ശേരി സിഗ്നേച്ചർ മാർട്ട് ജനുവരി 10ന് ഉദ്ഘാടനം ചെയ്യുമെന്നും, കോട്ടയം സിഗ്നേച്ചർ മാർട്ട് ജനുവരി മൂന്നാം വാരത്തില്‍ തുറക്കുമെന്നും അറിയിച്ചു. അതേസമയം, മുൻഗണനാ വിഭാഗത്തിലേക്ക് റേഷൻ കാർഡുകള്‍ തരംമാറ്റുന്നതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്.
Post a Comment