കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും ശിക്ഷാ വിധി പ്രഖ്യാപിച്ച് കോടതി.
ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് 20 വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി പള്‍സർ സുനിക്ക് ഐടി ആക്‌ട് പ്രകാരം അഞ്ച് വർഷത്തെ അധിക ശിക്ഷയുണ്ട്. ഈ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ജഡ്‌ജി ഹണി എം വർഗീസ് ആണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. ഒന്നര മണിക്കൂർ നീണ്ട വാദം കേള്‍ക്കലിന് ശേഷമാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചു. എല്ലാ പ്രതികളും 40 വയസിന് താഴെയാണ്. ഇതും ഇവരെ ആശ്രയിക്കുന്ന കുടുംബവും പരിഗണിച്ചാണ് വിധിയെന്നും കോടതി പറഞ്ഞു.
തന്റെ വീട്ടില്‍ പ്രായമായ അമ്മ മാത്രമേയുള്ളു. അതിനാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കണമെന്നാണ് പള്‍സർ സുനി കോടതിയോട് ആവശ്യപ്പെട്ടത്. രണ്ടാം പ്രതി മാർട്ടിൻ കോടതിയില്‍ കരഞ്ഞു. ഞാനൊരു തെറ്റും ചെയ്‌തിട്ടില്ല നിരപരാധിയാണെന്നാണ് മാർട്ടിൻ ആവർത്തിച്ചത്. ചെയ്യാത്ത തെറ്റിന് അഞ്ചര വർഷം ജയിലില്‍ കഴിഞ്ഞു. തന്റെ പേരില്‍ ഒരു പെറ്റി കേസുപോലുമില്ല വാർദ്ധക്യ സഹചമായ അസുഖങ്ങളുള്ള അച്ഛനും അമ്മയുമുണ്ട് താൻ ജോലിക്ക് പോയിട്ട് വേണം കുടുംബം നോക്കാനെന്നും മാർട്ടിൻ പറഞ്ഞു. മാർട്ടിൻ പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് മൂന്നാം പ്രതി മണികണ്‌ഠനും പറഞ്ഞത്. തനിക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നും ഇയാള്‍ പറഞ്ഞു. ഒമ്ബത് വയസുള്ള മകളും ഒരു വയസുള്ള മകനുമുണ്ടെന്നും ഇയാള്‍ പറഞ്ഞു.
തനിക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും നാട് തലശേരിയായതിനാല്‍ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നുമാണ് നാലാം പ്രതി വിജീഷ് കോടതിയില്‍ പറഞ്ഞത്. ഒരു തെറ്റും ചെയ്‌തിട്ടില്ലെന്നാണ് അഞ്ചാം പ്രതി സലീം പറയുന്നത്. തനിക്ക് ഭാര്യയും മകളുമുണ്ട് അവർക്ക് മറ്റാരുമില്ലെന്നും സലീം പറഞ്ഞു. ആറാം പ്രതി പ്രദീപും ഇത്തരത്തില്‍ കുടുംബത്തെക്കുറിച്ചാണ് പറഞ്ഞത്. പ്രദീപും കോടതിയില്‍ കരഞ്ഞു.
Post a Comment