കര്‍ണാടകയില്‍ സ്വകാര്യ ബസ് തീപിടിച്ച്‌ 17 മരണം

ബംഗളൂരു: കർണാടകയിലെ ചിത്രദുർഗ ജില്ലയില്‍ വ്യാഴാഴ്ച നടന്ന ഭീകര റോഡ് അപകടത്തില്‍ 17 യാത്രക്കാർ വെന്തുമരിച്ചു.
20 ലധികം പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ബെംഗളൂരുവില്‍ നിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസാണ് ദേശീയപാത 48ല്‍ അപകടത്തില്‍പ്പെട്ടത്.
ഹിരിയൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ഒരു ലോറി സെൻട്രല്‍ ഡിവൈഡർ മുറിച്ചുകടന്ന് എതിർദിശയില്‍ വന്ന ബസില്‍ ഇടിച്ചതോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ശക്തിയില്‍ ബസിന് ഉടൻ തീപിടിക്കുകയും നിരവധി യാത്രക്കാർ ബസിനുള്ളില്‍ കുടുങ്ങുകയും ചെയ്തു. തീപിടിത്തത്തില്‍ ബസ് പൂർണമായും കത്തിനശിച്ചു.
അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ്, ഫയർഫോഴ്‌സ്, അടിയന്തര സേവന വിഭാഗങ്ങള്‍ രക്ഷാപ്രവർത്തനം ഉടൻ ആരംഭിച്ചു. ഗുരുതരമായി പൊള്ളലേറ്റ നിരവധി യാത്രക്കാരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post