തൃശൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍വെച്ച് ക്രൂരമായി മർദിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട നാല് പോലീസുകാരെയും സസ്പെൻഡ് ചെയ്തു.തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഉത്തരമേഖലാ ഐജി രാജ്പാല്‍ മീണ ഐപിഎസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കുന്നംകുളം എസ്‌ഐ നുഹ്മാൻ, സീനിയർ സിപിഒ ശശിധരൻ, സിപിഒമാരായ സന്ദീപ്, സജീവൻ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്. 2023-ല്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേങ്ങള്‍കൂടി അരങ്ങേറുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ നടപടി.
യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് കാണിപ്പയ്യൂർ വലിയപറമ്ബില്‍ വി.എസ്. സുജിത്ത് (27) 2023 ഏപ്രില്‍ അഞ്ചിന് രാത്രി കുന്നംകുളം പോലീസിന്റെ ക്രൂരമർദനത്തിന് ഇരയായതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വരികയും സംഭവം കോടതിയുടെ പരിഗണനയിലേക്കെത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തില്‍ നാലുപേർക്കുമെതിരേ കോടതി ക്രിമിനല്‍ കേസ് എടുത്തിരുന്നു. കോടതിയില്‍ വിചാരണ നടക്കുന്നതിനാല്‍ സർവീസില്‍ തുടരുന്നത് ഉചിതമല്ലെന്നാണ് ഡിഐജി നല്‍കിയ റിപ്പോർട്ടിലുള്ളത്.
പ്രാഥമിക നടപടിയെന്ന നിലയില്‍ നാല് പോലീസുകാരെയും സ്ഥലംമാറ്റുകയും രണ്ടു വർഷത്തെ ശമ്ബള വർധന തടഞ്ഞുവെച്ചതുമായിരുന്നു നേരത്തേ എടുത്ത നടപടി.
Post a Comment