മദ്യവില്‍പ്പനയില്‍ മാത്രമല്ല പാല്‍ വില്‍പ്പനയിലും സര്‍വകാല റെക്കോര്‍ഡ്; ഓണക്കാലത്ത് വിറ്റുപോയത് 38.03 ലക്ഷം ലിറ്റര്‍ മില്‍മ പാല്‍


തിരുവനന്തപുരം: ഓണക്കാലത്ത് മലയാളി കുടിച്ച്‌ തീർത്തത് മദ്യം മാത്രമല്ല മില്‍മ പാലും. സംസ്ഥാനത്ത് പാല്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടവുമായി മില്‍മ.38.03 ലക്ഷം ലിറ്റര്‍ മില്‍മ പാലാണ് ഉത്രാട ദിനത്തില്‍ വിറ്റുപോയത്. പാല്‍ മാത്രമല്ല മില്‍മയുടെ തൈരും ഓണത്തോടനുബന്ധിച്ച്‌ റെക്കോർ നേട്ടം കൊയ്തു.
പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഉത്രാട ദിനത്തില്‍ 38,03, 388 ലിറ്റര്‍ മില്‍മ പാലാണ് വിറ്റുപോയത്. അന്നേദിവസം 3,97,672 കിലോ തൈരും വിറ്റുപോയി. കഴിഞ്ഞ വർഷം ഓണം സമയത്ത് പാലിന്റെ വില്‍പ്പന 37,00,209 ലിറ്റര്‍ ആയിരുന്നു. തൈര് 3,91, 923 കിലോയുമായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ വില്‍പ്പന വര്‍ധിച്ചെന്ന് മാത്രമല്ല പാല്‍, തൈര് വില്‍പ്പനയില്‍ പുതിയ സര്‍വകാല റെക്കോര്‍ഡ് ആണ് ഉണ്ടായിരിക്കുന്നത്.
സഹകരണ സംഘങ്ങള്‍ വഴി ഓണത്തിന് മുൻപുള്ള ആറ് ദിവസങ്ങളില്‍ വിറ്റുപോയത് 1,19,58,751 ലിറ്റര്‍ പാലാണ്. 14,58,278 ലക്ഷം കിലോ തൈരും ഈ ദിവസങ്ങളില്‍ വിറ്റുപോയതായാണ് കണക്കുകള്‍.
അതേസമയം മദ്യ വില്‍പ്പനയിലും സംസ്ഥാനത്ത് റെക്കോർഡ് നേട്ടമാണ് ഓണക്കാലത്തുണ്ടായത്. കഴിഞ്ഞ വർഷത്തിലുമധികമായി മദ്യം വിറ്റുപോയിട്ടുണ്ടെന്നനാണ് കണക്കുകള്‍. 2024 ലിനെ അപേക്ഷിച്ച്‌ 50കോടി രൂപയു‌ടെ മദ്യം അധികം വിറ്റതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. ഉത്രാടം വരെയുള്ള കണക്കെടുത്ത് നോക്കിയാല്‍ 826.38 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. ഉത്രാട ദിവസം മാത്രം 137കോടി മദ്യമാണ് വിറ്റുപോയത് കഴിഞ്ഞ കൊല്ലം ഇത് 126 കോടിയായിരുന്നു.

Post a Comment

Previous Post Next Post