തിരുവനന്തപുരം:വോട്ടർ പട്ടികയുടെ കൃത്യത മെച്ചപ്പെടുത്താനും വോട്ടെടുപ്പ് കൂടുതല്‍ സുഗമമാക്കാനുമുള്ള പുതിയ നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്നു.
മാർച്ച് മാസത്തില്‍ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ (CEOs) സമ്മേളനത്തില്‍, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അവതരിപ്പിച്ച കാര്യങ്ങള്‍ക്കനുസൃതമായാണ് ഈ നടപടി. സമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്‌ബീർ സിംഗ് സന്ദു, ഡോ. വിവേക് ജോഷി എന്നിവരും പങ്കെടുത്തിരുന്നു.
ഇനി മുതല്‍, 1960 ലെ വോട്ടർമാരുടെ രജിസ്ട്രേഷൻ നിയമത്തിലെ ചട്ടം 9, 1969 ലെ ജനന-മരണം രജിസ്ട്രേഷൻ നിയമത്തിലെ സെക്ഷൻ 3(5)(b) (2023 ല്‍ ഭേദഗതി ചെയ്തതനുസരിച്ച്) എന്നിവ പ്രകാരം, ഇന്ത്യയുടെ രജിസ്ട്രാർ ജനറലില്‍ നിന്ന് ഇലക്‌ട്രോണിക് മാർഗം മരണ രജിസ്ട്രേഷൻ ഡാറ്റ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭ്യമാക്കും. ഇതിലൂടെ ഇലക്‌ട്രല്‍ രജിസ്ട്രേഷൻ ഓഫീസർമാർക്കു മരണം രജിസ്റ്റർ ചെയ്ത വിവരം സമയബന്ധിതമായി ലഭ്യമാകും. അതോടൊപ്പം, ഫോം 7 വഴി ഔദ്യോഗിക അപേക്ഷ വരാനായി കാത്തിരിക്കാതെ, വീടുകള്‍ സന്ദർശിച്ച് വിവരങ്ങള്‍ സ്ഥിരീകരിക്കാൻ ബിഎല്‍ഓമാർക്ക് സാധിക്കും.
വോട്ടർ ഇൻഫർമേഷൻ സ്ലിപ്പുകള്‍ കൂടുതല്‍ വോട്ടർമാർ സൗഹൃദമാക്കുന്നതിനായി അതിന്‍റെ ഡിസൈൻ പുതുക്കാനും കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. വോട്ടറുടെ പാർട്ട് നമ്ബറും, സീരിയല്‍ നമ്ബറും വലിയ അക്ഷരത്തില്‍ ഡിസ്പ്ലേ ചെയ്യുന്നതിലൂടെ വോട്ടർമാർക്ക് തങ്ങളുടെ പോളിംഗ് സ്റ്റേഷൻ തിരിച്ചറിയാനും, പോളിംഗ് ഉദ്യോഗസ്ഥർക്ക് വോട്ടർ പട്ടികയില്‍ പേരുകള്‍ എളുപ്പത്തില്‍ കണ്ടെത്താനുമാകും.
Post a Comment