കൊച്ചി: മലയാള സിനിമയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന വാർത്തകള്‍ക്കിടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകർ കൊച്ചിയില്‍ അറസ്റ്റില്‍.
ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നാണ് എക്സൈസ് സംഘം ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത് എന്നാണ് വിവരം. ഇവർക്കൊപ്പമുണ്ടായിരുന്ന ഷാലിഹ് മുഹമ്മദ് എന്നയാളും അറസ്റ്റിലായിട്ടുണ്ട്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം.
സംവിധായകരുടെ കൈയ്യില്‍ നിന്നും 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. പിടിയിലായ സംവിധായകർ ലഹരി ഉപയോഗിക്കുന്നവരാണെന്ന് എക്സൈസ് ഇൻസ്പെക്ടർ. ലഹരി ഉപയോഗിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംവിധായകരെ എക്സൈസ് സ്ക്വാഡ് പിടികൂടിയതെന്നും റിപ്പോർട്ടില്‍ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം സംവിധായകരെ ജാമ്യത്തില്‍ വിട്ടയച്ചു.
അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഖാലിദ് റഹ്മാൻ ആസിഫ് അലി-രജിഷ വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഉണ്ട, സ്നേഹം, തല്ലുമാല , ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. നോർത്ത് 24 കാതം, പറവ, മായാനദി, മഞ്ഞുമ്മല്‍ ബോയ്സ് തുടങ്ങിയ ചിത്രങ്ങളില്‍ നടനായും വേഷമിട്ടു. തമാശ , ഭീമന്റെ വഴി എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അഷ്റഫ് ഹംസ. തല്ലുമാല എന്ന ചിത്രത്തിന്റെ സഹ എഴുത്തുകാരനായും പ്രവർത്തിച്ചു.
അടുത്തിടെയാണ് ലഹരി ഉപയോഗിച്ചതിന് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. നടി വിൻസി അലോഷ്യസിനോട് ഷൈൻ മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട പരാതിക്കിടെയായിരുന്നു അറസ്റ്റ്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഡാൻസാഫ് സംഘം പരിശോധന നടത്തുന്നതിനിടെ ഷൈൻ ടോം ഹോട്ടലില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. തുടർന്നാണ് നടനെ ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചത്. മണിക്കൂറുകളോളം ചെയ്ത ചോദ്യം ചെയ്യലിലാണ് താൻ കഞ്ചാവ് സ്ഥിരമായി ഉപയോഗിച്ചിരുന്നതായി ഷൈൻ ടോം സമ്മതിച്ചത്. ആലപ്പുഴയില്‍ ഹൈബ്രിഡുമായി പിടിയിലായ തസ്ലീമ എന്ന പ്രതിയുമായി തനിക്ക് ഇടപാട് ഉണ്ടായിരുന്നതായും അവരെ അറിയാമെന്നും ഷൈൻ പോലീസിനോട് സമ്മതിക്കുകയായിരുന്നു.
Post a Comment