എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം മേയ് ഒൻപതിന്


തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി.
കൃത്യസമയത്ത് തന്നെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നും വിജയിക്കുന്ന എല്ലാവര്‍ക്കും അഡ്മിഷന്‍ നല്‍കാനാവുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പതും ഗള്‍ഫ് മേഖലയിലെ ഏഴും കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാര്‍ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതിയതെന്ന് മന്ത്രി പറഞ്ഞു.

കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. 28,358 കുട്ടികളാണ് പരീക്ഷയെഴുതുന്നത്.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്, 1893പേര്‍. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്‌എസ്‌എസ് ആണ് കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയ സ്കൂള്‍.

ഗള്‍ഫ് മേഖലയില്‍ 682പേരും ലക്ഷദ്വീപ് മേഖലയില്‍ 447 പേരും പരീക്ഷ എഴുതി. ഇവര്‍ക്ക് പുറമേ ഓള്‍ഡ് സ്‌കീമില്‍ (പിസിഒ) എട്ട് പേരും പരീക്ഷ എഴുതി.

എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയവരില്‍ 2,17,696 പേര്‍ ആണ്‍കുട്ടികളും 2,09,325 പേര്‍ പെണ്‍കുട്ടികളുമാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1,42,298പേരും എയിഡഡ് സ്‌കൂളുകളില്‍ 2,55,092പേരും അണ്‍ എയിഡഡ് സ്‌കൂളുകളില്‍ 29,631പേരും പരീക്ഷയെഴുതിയതായും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post