കാലവര്‍ഷത്തിന് മുൻപേ ദുരന്തം; ചെറുപുഴയില്‍ കോടികളുടെ നാശനഷ്ടം


കണ്ണൂർ:കണ്ണൂർ-കാസർകോട് അതിർത്തിയായ ചെറുപുഴയിലും പരിസരത്തും ഞായറാഴ്ച വൈകുന്നേരം വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റും കനത്ത വേനല്‍ മഴയും വലിയ നാശനഷ്ടം വരുത്തി.

മണിക്കൂറില്‍ 55 കിലോമീറ്ററിലധികം വേഗതയില്‍ വീശിയ കാറ്റില്‍ ചെറുപുഴ ടൗണിലെ പല കടകളുടെയും പരസ്യ ബോർഡുകളും മേല്‍ക്കൂരകളും പറന്നുപോയി.
ചെറുപുഴ പഞ്ചായത്തിലെ ഭൂദാനം, ചെറുപുഴ, പാണ്ടിക്കടവ് എന്നിവിടങ്ങളിലും ഈസ്റ്റ് എളേരി പഞ്ചായത്തിലെ അരിയിരുത്തി, ആയന്നൂർ, തവളക്കുണ്ട് എന്നിവിടങ്ങളിലുമാണ് കാറ്റ് ശക്തമായി വീശിയത്. നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി തൂണുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതോടെ ഈ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം താല്‍ക്കാലികമായി നിലച്ചു. തെങ്ങ്, കവുങ്ങ്, റബ്ബർ തുടങ്ങിയ കൃഷികള്‍ വ്യാപകമായി നശിച്ചു. ചെറുപുഴ-പുളിങ്ങോം റോഡില്‍ മരം വീണതിനെ തുടർന്ന് ഗതാഗത തടസ്സവും ഉണ്ടായി.
കാലവർഷം ആരംഭിക്കുന്നതിന് മുൻപേയുണ്ടായ ഈ കാറ്റും മഴയും ചെറുപുഴയെ ഭീതിയിലാഴ്ത്തി. അതേസമയം, കാറ്റില്‍ മാവുകളില്‍ നിന്ന് ധാരാളമായി മാങ്ങകള്‍ വീണപ്പോള്‍, മഴയത്തും ആളുകള്‍ അവ പെറുക്കിയെടുക്കാൻ മത്സരിക്കുന്നത് കാണാനായി. ഒരാഴ്ച മുൻപ് വീശിയടിച്ച ചുഴലിക്കാറ്റില്‍ ഈ മേഖലയില്‍ കോടിക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ചിരുന്നു.
കാലവർഷത്തിന് മുൻപേ ചെറുപുഴയിലുണ്ടായ ഈ ദുരന്തത്തെക്കുറിച്ച്‌ നിങ്ങളുടെ അഭിപ്രായങ്ങളും ആശങ്കകളും പങ്കുവെക്കുക.

Post a Comment

Previous Post Next Post