ശ്രീനഗർ: പച്ചപ്പാർന്ന പുല്‍മേടുകളും നീണ്ടുവളർന്ന പൈൻമരങ്ങളുമാണ് പഹല്‍ഗാമിന്റെ പ്രത്യേകത. കോടമഞ്ഞുപുതഞ്ഞ, ഇടതൂർന്ന വനങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശം സഞ്ചാരികളുടെ ഇഷ്ടതാഴ്വരയാണ്.
വർഷം മുഴുവൻ കുളിരുപകരുന്ന ഇടം സഞ്ചാരികള്‍ക്കെപ്പോഴും ഉള്‍പ്പുളകം നിറഞ്ഞ ഒരനുഭവമാണ് തരിക. സ്വിറ്റ്സർലൻഡിന് സമാനമാണ് അവിടത്തെ ഭൂപ്രകൃതി. അങ്ങനെ വന്നതാണ് മിനി സ്വിറ്റ്സർലൻഡെന്ന പേര്.
ട്രക്കിങ്ങും സ്കീയിങ്ങും കുതിരസവാരിയുമൊക്കെയായി ഇക്കഴിഞ്ഞ 22-നും സഞ്ചാരികള്‍ സജീവമായിരുന്നു പഹല്‍ഗാമില്‍. എന്നാല്‍, അന്നേദിവസം ഉച്ചകഴിഞ്ഞുണ്ടായ ഭീകരാക്രമണത്തോടെ വിനോദസഞ്ചാരികള്‍ അവിടെനിന്നും ചിതറിയോടി. പേടിച്ച് കശ്മീരില്‍നിന്നുതന്നെ രക്ഷപ്പെട്ടു ചിലർ. തോക്കുകളുമായെത്തിയ ഭീകരർ 26 പേരെ നിഷ്കരുണം കൊലപ്പെടുത്തി ആ പ്രദേശത്തിന്റെയാകെ ശാന്തത തകർത്തു. ദിവസങ്ങള്‍ക്ക് മുൻപ് വിവാഹം കഴിഞ്ഞ്, ഹണിമൂണ്‍ യാത്രയ്ക്ക് വന്നവർ വരെ ഭീകരരുടെ തോക്കിൻകുഴലിനിരകളായി.
രാജ്യത്തെ നടുക്കിയ ഭീകരാക്രമണം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം പിന്നിടുമ്ബോള്‍ പഹല്‍ഗാം അതിന്റെ പ്രതാപം തിരിച്ചുപിടിക്കാനുള്ള യത്നത്തിലാണ്. കടകളൊക്കെ തുറന്നുതുടങ്ങി. താഴ്വര ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുന്നു. വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും, പ്രദേശം വീണ്ടും ആഭ്യന്തര-വിദേശ സഞ്ചാരികളെ സ്വാഗതം ചെയ്തുതുടങ്ങിയിട്ടുണ്ട്. വിനോദസഞ്ചാരികളില്‍ പലരും പഹല്‍ഗാം സന്ദർശനം ഉള്‍പ്പെടെയുള്ള യാത്രാപദ്ധതികളുമായി മുന്നോട്ടുപോവുന്നു.
Post a Comment