ഹെലികോപ്റ്ററിൽ വന്നും സ്‌പ്ലെൻഡറിൽ വന്നും 100 കോടി; മോഹൻലാൽവുഡ് തുടരും


മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും 100 കോടി ക്ലബിൽ. ആറുദിവസം കൊണ്ടാണ് സിനിമാ ആഗോളതലത്തിൽ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മാത്രമല്ല ഒരു മാസത്തിനുള്ളിൽ 100 കോടി ക്ലബിൽ ഇടം നേടുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രം കൂടിയാണിത്. നേരത്തെ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രവും 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു. പുലിമുരുകൻ, ലൂസിഫർ, എന്നീ മോഹൻലാൽ ചിത്രങ്ങളും 100 കോടി ക്ലബിൽ കയറിയിരുന്നു. ഇതോടെ നാല് 100 കോടി സിനിമകൾ സ്വന്തമായുള്ള ഏക മലയാളം നായകനുമായി മാറിയിരിക്കുകയാണ് മോഹൻലാൽ.


ഏപ്രിൽ 25 നാണ് തുടരും തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപയാണ് നേടിയത്. മൂന്ന് ദിവസം കൊണ്ട് ചിത്രം 69 കോടിയിലധികം രൂപ കളക്ട് ചെയ്യുകയുമുണ്ടായി.
ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.
ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.

Post a Comment

Previous Post Next Post