ആലക്കോട്: മലയോര മേഖലയിലെ ജനവാസകേന്ദ്രങ്ങളില്‍ കാട്ടുപന്നിയും മറ്റ് കാട്ടുമൃഗങ്ങളും ജനജീവിതത്തിന് ഭീഷണിയാകുന്നതില്‍ കർഷകരില്‍ പ്രതിഷേധം ശക്തം.
ലൈസൻസുള്ള തോക്കുള്ളവർക്ക് നിയമാനുസൃതം കാട്ടുപന്നിയെ കൊല്ലാൻ അനുമതി ലഭിച്ചിട്ടും ആലക്കോട്, ഉദയഗിരി, ചപ്പാരപ്പടവ് ,നടുവില്‍ പഞ്ചായത്തുകളില്‍ അതിനുള്ള നടപടി അധികൃതർ കൈക്കൊള്ളുന്നില്ല.
ഭൂമിയും കൃഷിയും
ഉപേക്ഷിക്കുന്നു
കുടിയേറ്റത്തിന്‍റെ ഏഴു പതിറ്റാണ്ടിലേറെ പഴക്കമുള്ള പ്രദേശങ്ങളില്‍നിന്നു പോലും കർഷകർ ഭൂമിയും കൃഷിയും ഉപേക്ഷിച്ച് നാടുവിടുകയാണ്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ നിരവധി കർഷകർക്കാണ് കാട്ടുപന്നിയുടെ അക്രമണത്തില്‍ പരിക്കേറ്റത്. ഒറ്റത്തൈ പി.പി. നഗറിലെ വരിക്കമാക്കല്‍ സരിത, ഉദയഗിരി ശാന്തിപുരത്തെ കൊച്ചുഴപ്പില്‍ അബ്ദുള്‍ കരീംഅടക്കം നിരവധി കർഷകർക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിരുന്നു.
കാപ്പിമല, ഒറ്റത്തൈ, ഫർലോംകര പ്രദേശങ്ങളില്‍ പ്രധാന റോഡരികുമുതല്‍ മലനിരപ്പ് വരെ മുന്നൂറ് ഏക്കറില്‍ കൂടുതല്‍ കൃഷിഭൂമി ഇപ്പോള്‍ കൊടുംവനമായി മാറി കഴിഞ്ഞു. കമുക്, തെങ്ങ്, പ്ലാവ്, വാഴ, കശുമാവ് തുടങ്ങിയ കൃഷിയിടങ്ങള്‍ ഉണ്ടായിയിരുന്ന ചെറുകിട കർഷകരില്‍നിന്ന് ഒന്നും അതില്‍ കുടുതലും ഏക്കർ ഭൂമി വാങ്ങിക്കൂട്ടിയ കരിങ്കല്‍ ക്വാറി മാഫിയ ഉപേക്ഷിച്ചു പോയത് മൂലം ഒരു മലയാകെ ഇന്ന് വനമായി മാറി. ഇതു തന്നെയാണ് മലയോരത്തെ എല്ലാ പഞ്ചായത്തുകളിലേയും സ്ഥിതി.
കർഷകരുടെ ആവശ്യം
ഇത്തരത്തില്‍ ജനവാസ മേഖലയ്ക്കടുത്ത് ഉപേക്ഷിക്കപ്പെട്ട ഭൂമി ഏറ്റെടുക്കാൻ സർക്കാർ നടപടി സ്വീകരിക്കുക. കർഷകരുടെ കൂട്ടായ്മയുണ്ടാക്കി ലൈസൻസുള്ള തോക്കുപയോഗിച്ച് പന്നിയെ കൊ ല്ലാൻ അനുവദിക്കുക, അതിർത്തികളില്‍ പ്രവർത്തി നിലച്ച സൗരോർജ തൂക്കുവേലി നിർമാണം പൂർത്തിയാക്കുക, വന്യമൃഗ ഉപദ്രവത്തില്‍ ദുരിതമനുഭവിക്കുന്ന നാ ട്ടിൻപുറങ്ങളിലെ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ ഉന്നയിക്കുന്നത്.
കൃഷിനാശം രൂക്ഷം
അരിവിളഞ്ഞപൊയില്‍, മാമ്ബൊയില്‍, ജയഗിരി, ജോസ്‌ഗിരി, വായിക്കമ്ബ, ചീക്കാട്, കാർത്തികപുരം, കുട്ടാപറമ്ബ് , നെടുവോട് ,രയറോം, മൂന്നാംകുന്ന് മേഖലയില്‍ നിരവധി കൃഷിയിടങ്ങള്‍ കാട്ടുമൃഗങ്ങള്‍ കുത്തിമറിച്ചിട്ടു. പച്ചക്കറി വിളകളെല്ലാം തോട്ടങ്ങളില്‍ ചവിട്ടി അരയ്ക്കപ്പെട്ട അവസ്ഥയിലാണ്.
വാഴ, ചേന, ചേമ്ബ് തുടങ്ങിയവയാണ് നശിക്കപ്പെട്ടതില്‍ അധികവും. കാട്ടുപന്നി കയറാതിരിക്കാൻ പലരും സ്വന്തമായി സംരക്ഷണവേലികള്‍ സ്ഥാപിച്ചെങ്കിലും ഇവ കടന്നാണ് കാട്ടുപന്നികളുടെ കടന്നുവരവെന്ന് കർഷകർ പറയുന്നു.
രാത്രിയിലാണ് കൂടുതലായും ആക്രമണം. ടാപ്പിംഗ് നിർത്തിയ റബർ തോട്ടങ്ങളും കാടുപിടിച്ച സ്ഥലങ്ങളുമാണ് കാട്ടുപന്നികളുടെ താവളം.
നടപടി സ്വീകരിക്കണം
തദ്ദേശഭരണസ്ഥാപനങ്ങള്‍ കർഷക രക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. കാർഷികവിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവക്കാൻ ഉത്തരവിടാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിലവില്‍ ഉള്ളതിനാല്‍ ഉദയഗിരി, ആലക്കോട്, ചപ്പാരപ്പടവ് പഞ്ചായത്തധികൃതർ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ലൈസൻസുള്ള തോക്ക് ഉപയോഗിക്കുന്നവരുടെ കൂട്ടായ്മ ഉടനെ രൂപവത്കരിക്കണമെന്നുമാണ് കർഷകർ ആവശ്യപ്പെടുന്നത്.
Post a Comment