ഈ കാറുകൾ വാങ്ങുന്നുണ്ടോ? 6 മാസം ഇന്ധനം ഫ്രീ!



ഈ മാസം നെക്സോണ്‍ ഇവി, കർവ്വ് ഇവി എന്നിവ വാങ്ങുന്നവർക്കായി ടാറ്റ മോട്ടോഴ്‌സ് ആകർഷകമായ ഒരു പദ്ധതി അവതരിപ്പിച്ചു.

2024 ഡിസംബർ 9 നും ഡിസംബർ 31 നും ഇടയില്‍ ഈ രണ്ട് ഇലക്‌ട്രിക് എസ്‌യുവികളില്‍ ഏതെങ്കിലും ഒന്ന് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് രാജ്യവ്യാപകമായി ടാറ്റ പവർ ചാർജിംഗ് സ്റ്റേഷനുകളില്‍ നിന്നും സൗജന്യ ചാർജിംഗിന് അർഹതയുണ്ടാകും. ടാറ്റ പവർ ഈസിയുടെ രാജ്യത്തുടനീളമുള്ള 5,500-ലധികം ചാർജിംഗ് സ്റ്റേഷനുകളില്‍ ഈ ഓഫർ ലഭ്യമാകും. ഈ സ്‍കീം സ്വകാര്യ ഉപഭോക്താക്കള്‍ക്ക് മാത്രമുള്ളതാണ്. അതായത് ഫ്ലീറ്റ് വാഹനങ്ങള്‍ക്ക് ഇത് ബാധകമല്ല. നെക്സോണ്‍ ഇവി, കർവ്വ് ഇവി എന്നിവ വാങ്ങുന്നവർ അവരുടെ ഇവികള്‍ ടാറ്റ പവർ ഇസെഡ് ചാർജ്ജ് ആപ്പില്‍ രജിസ്റ്റർ ചെയ്യണം. അതിനുശേഷം സൗജന്യ ചാർജിംഗ് സേവനങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ ലഭിച്ചുതുടങ്ങും.

ആപ്പില്‍ രജിസ്റ്റർ ചെയ്ത ഇവി, ഒരു ഡീലർഷിപ്പില്‍ നിന്ന് നേരിട്ട് വാങ്ങിയ ഒരു സ്വകാര്യ വാഹനമായിരിക്കണം. അതായത് ഈ സ്‍കീം ആദ്യ ഉടമകള്‍ക്ക് മാത്രമേ ബാധകമാകൂ. ആപ്പ് രജിസ്ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞാല്‍, വാങ്ങുന്ന തീയതി മുതല്‍ ഉപഭോക്താക്കള്‍ക്ക് 1,000 യൂണിറ്റ് വരെ വൈദ്യുതി അല്ലെങ്കില്‍ ആറ് മാസത്തെ സൗജന്യ ചാർജിംഗിന് അർഹതയുണ്ട്. അതായത് ഈ ഓഫർ 1,000 യൂണിറ്റ് വൈദ്യുതി അല്ലെങ്കില്‍ എസ്‌യുവി വാങ്ങിയ തീയതി മുതല്‍ ആറ് മാസത്തേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. അതിനുശേഷം ഉടമകളില്‍ നിന്ന് സ്റ്റാൻഡേർഡ് താരിഫ് ഈടാക്കിത്തുടങ്ങും.


ഈ പുതിയ സൗജന്യ ചാർജിംഗ് സ്കീമിലൂടെ, ടാറ്റ മോട്ടോഴ്‌സ് അതിൻ്റെ ജനപ്രിയ ഇവികളുടെ വില്‍പ്പന വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. 2024 നവംബറില്‍, വാഹന നിർമ്മാതാവ് നെക്സോണിൻ്റെ 15,329 യൂണിറ്റുകളും കർവ്വിൻ്റെ 5,101 യൂണിറ്റുകളും (ഐസിഇ, ഇവി മോഡലുകള്‍ ഉള്‍പ്പെടെ) വിറ്റു. നിലവില്‍, ടാറ്റ നെക്സോണ്‍ ഇവിയുടെ വിലവ 12.49 ലക്ഷം മുതല്‍ 17.19 ലക്ഷം വരെയാണ്. അതേസമയം കർവ്വ് ഇവിക്ക് 17.49 ലക്ഷം മുതല്‍ 21.99 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില. യഥാക്രമം 30kWh, 40.5kWh ബാറ്ററി പായ്ക്കുകള്‍ ഉള്‍ക്കൊള്ളുന്ന MR (മീഡിയം റേഞ്ച്), LR (ലോംഗ് റേഞ്ച്) എന്നീ രണ്ട് വേരിയൻ്റുകളില്‍ നെക്‌സോണ്‍ ഇവി വാഗ്ദാനം ചെയ്യുന്നു. എംആർ വേരിയൻ്റ് 325 കിലോമീറ്റർ റേഞ്ച് നല്‍കുന്നു, എല്‍ആർ പതിപ്പ് 465 കിലോമീറ്റർ വാഗ്ദാനം ചെയ്യുന്നു. 7.2kW എസി ചാർജറാണ് സ്റ്റാൻഡേർഡായി നല്‍കിയിരിക്കുന്നത്.

ടാറ്റ കർവ്വ് ഇവി - 45kWh, 55kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ ലഭ്യമാണ്. ഇവ യഥാക്രമം 502 കിലോമീറ്ററും 585 കിലോമീറ്ററും (MIDC) റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഫാസ്റ്റ് ചാർജിംഗ് ഉപയോഗിച്ച്‌ 15 മിനിറ്റിനുള്ളില്‍ ബാറ്ററി 150 കിലോമീറ്റർ വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നു.

Post a Comment

Previous Post Next Post