അപേക്ഷിച്ചാല്‍ അന്ന് തന്നെ കണക്ഷൻ; കെഎസ്ഇബിയുടെ ആദ്യ പരിഷ്കാരം കണ്ണൂർ മേഖലയില്‍


കണ്ണൂർ: അപേക്ഷിച്ച ദിവസം തന്നെ കണക്ഷൻ നല്‍കാനുള്ള പദ്ധതിയുമായി കെ.എസ്.ഇ.ബി കണ്ണൂർ റീജിയണ്‍.പോസ്റ്റ് വേണ്ടാത്ത പുതിയ വൈദ്യുതി കണക്ഷനുകളാണ് ഇത്തരത്തില്‍ ലഭിക്കുക.

നോർത്ത് മലബാർ ചീഫ് എൻജിനീയർ ഓഫീസിനു കീഴിലുള്ള കണ്ണൂർ, കാസർകോട്,വയനാട് ജില്ലകളിലെ 108 സെക്ഷൻ ഓഫീസുകളില്‍ ഗാന്ധി ജയന്തി ദിനം മുതല്‍ പദ്ധതി നടപ്പിലാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

നിലവിലുള്ള നിയമ പ്രകാരം സർവീസ് കണ്‍ക്ഷൻ നല്‍കുന്നതിന് റെഗുലേറ്ററി കമ്മീഷൻ 30 ദിവസമാണ് സമയപരിധി .www.kseb.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി പാക്കേജ് കണക്ഷൻ ഒപ്ഷൻ വഴിയാണ് അപേക്ഷിക്കേണ്ടതും പണം അടക്കേണ്ടതും.അപേക്ഷ ഫീസും റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ച എസ്റ്റിമേറ്റ് കോസ്റ്റും ലോഡിന് ആനുപാതികമായി കരുതല്‍ നിക്ഷേപവും ഒന്നിച്ചു ഓണ്‍ലൈനായി അടച്ചുകഴിഞ്ഞാല്‍ സ്ഥലപരിശോധന കഴിയും വരെ കാക്കേണ്ടതില്ല.ഓഫീസില്‍ നേരിട്ട് വരുന്ന അപേക്ഷകർ രജിസ്ട്രേഷൻ സമയത്ത് പാക്കേജ് കണക്ഷൻ ആവശ്യപ്പെടണം. ഇതിന്റെ ഡിമാൻഡ് തുക കൗണ്ടറില്‍ അടച്ചാല്‍ മതി.

പോസ്റ്റ് വേണ്ടാത്ത കണക്ഷനുകള്‍ അതിവേഗത്തില്‍

പോസ്റ്റില്‍ നിന്നും 35 മീറ്റർ വരെയുള്ള സർവീസസ് വയർ മാത്രം മതിയാകുന്ന കണക്ഷനുകള്‍ ആണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുക. 35 മീറ്ററില്‍കൂടുതല്‍ ഉള്ള പോസ്റ്റ് വേണ്ട കണക്ഷനുകള്‍, സർവീസ് വയറിനു സപ്പോർട്ട് പോസ്റ്റ് വേണ്ടവ എന്നിവ പാക്കേജ് കണക്ഷനില്‍പ്പെടുന്നില്ല.

പാക്കേജ് ഫീസിന് വേണ്ടത്

കണക്ഷനുള്ള ദൂരം 35 മീറ്ററില്‍ അധികമാകരുത്

ദൂരം തെറ്റായി കാണിച്ച്‌ അപേക്ഷിച്ചാല്‍ മുൻഗണന നഷ്ടപ്പെടും.

സർവീസ് വയർ കടന്നുപോകുന്ന സ്ഥല ഉടമയുടെ അനുമതിപത്രം നിർബന്ധം

ഉടമസ്ഥാകാശ രേഖ,തിരിച്ചറിയല്‍ രേഖ, ടെസ്റ്റ് റിപ്പോർട്ട് എന്നിവ ഹാജരാക്കണം

വയർമാൻമാർക്കുമുണ്ട് ചുമതല
കണക്ഷൻ അപേക്ഷിക്കുമ്ബോള്‍ വയറിംഗ് പൂർത്തിയായിരിക്കണം .കാർഷിക,നിർമ്മാണ അപേക്ഷകളില്‍ ഷെഡ് ,കിയോസ്ക് ഉറപ്പുള്ളതായിരിക്കണം.മീറ്റർ ബോക്സിന്റെ സ്ഥാനം നിശ്ചിതസ്ഥലത്തായിരിക്കണം.കണക്റ്റഡ് ലോഡ്,താരിഫ് എന്നിവ കൃത്യമായി രേഖപ്പെടുത്തണം.സർവീസ് വയറിനു നാലു മീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് ഉറപ്പാക്കണം.കോണ്‍ട്രാക്ടറും സൂപ്പർവൈസറും വയർമാനും കൂടി ഒപ്പിട്ട ടെസ്റ്റ് റിപ്പോർട്ട് അപേക്ഷകന്റെ കൈയിലുണ്ടാകണം

പാക്കേജ് തുകകള്‍ 

അപേക്ഷ ഫീസ് -50 ‌+18 ശതമാനം ജി.എസ്.ടി

എസ്റ്റിമേറ്റ് കോസ്റ്റ്

സിംഗിള്‍ ഫേസ് അഞ്ച് കിലോ വാട്ട് വരെ - 1914+18 ശതമാനം ജി.എസ്.ടി

ത്രീ ഫേസ് പത്ത് കിലോ വാട്ട് വരെ - 4642+18ശതമാനം ജി.എസ്.ടി

-കരുതല്‍ നിക്ഷേപം (കിലോ വാട്ട്)

ഗാർഹികം 300/-

കാർഷികം 200/-

വ്യവസായം 500/-

വാണിജ്യം -1000/-

30 ദിവസത്തിനുള്ളില്‍ സർവീസ് കണക്ഷൻ നല്‍കിയാല്‍ മതി എന്ന നിയമം നിലില്‍ക്കുമ്ബോഴും 24 മണിക്കൂറിനുള്ളില്‍ കണക്ഷൻ നല്‍കാൻ ജീവനക്കാർ ഒരുങ്ങുകയാണ്.ഏറെ ജാഗ്രതയോടെ നടത്തേണ്ട പദ്ധതി കൂടിയാണിത്.

ഹരീശൻ മൊട്ടമ്മല്‍ ,നോർത്ത് മലബാർ ചീഫ് എൻജിനീയർ,ഡിസ്ട്രിബ്യൂഷൻ നോർത്ത് മലബാർ

Post a Comment

Previous Post Next Post