കണ്ണൂർ ജില്ലയിലെ ആദ്യ സോളാർ തിയേറ്ററായി തളിപ്പറമ്പ് ആലിങ്കീല്‍

തളിപ്പറമ്പ്: പൂർണമായും സോളാറില്‍ പ്രവർത്തിക്കുന്ന കണ്ണൂർ ജില്ലയിലെ ആദ്യ തിയേറ്റർ ആകാൻ ഒരുങ്ങി തളിപ്പറന്പ് ആലിങ്കീല്‍ തിയേറ്റർ.
അമിതമായ വൈദ്യുതി ബില്‍ കാരണം സൗരോർജത്തിലേക്ക് മാറാൻ ഒരുങ്ങുന്ന സിനിമാ തിയേറ്ററുകള്‍ക്ക് വഴികാട്ടിയാകുകയാണ് ആലിങ്കീല്‍. ആധുനികവത്കരണത്തിന്‍റെ ഭാഗമായി എയർ കണ്ടീഷൻ, ആധുനിക ശബ്ദ-വെളിച്ച സംവിധാനങ്ങള്‍ എന്നിവ ഒരുക്കിയപ്പോഴുണ്ടായ വൈദ്യുതി ചാർജ് വർധനയാണ് സോളാർ എനർജിയിലേക്ക് മാറാൻ തിയേറ്റർ ഉടമയെ പ്രേരിപ്പിച്ചത്. 

ഒരു മാസം 1.95 ലക്ഷം മുതല്‍ 2.25 ലക്ഷം രൂപ വരെ പ്രതിമാസ വൈദ്യുതി ചാർജ് വന്നതോടെ തിയേറ്റർ നഷ്ടത്തിലേക്ക് പോകുകയാണെന്ന് മറ്റ് തിയേറ്റർ ഉടമകള്‍ പറയുന്നു. ഒടിടി പ്ലാറ്റ്ഫോമുകള്‍ വ്യാപകമായതോടെ ചാർജ് വർധന ഏർപ്പെടുത്തിയാല്‍ പ്രേക്ഷകർ കുറയുമെന്നതാണ് അനുഭവമെന്നും ഉടമകള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് തളിപ്പറമ്ബിലെ ആലിങ്കീല്‍ തിയേറ്റർ ഉടമകള്‍ സോളാർ എനർജിയിലേക്ക് എത്തിയത്. കെഎസ്‌ഇബിയും അനെർട്ടും ചേർന്ന് രൂപം നല്‍കിയ സബ്സിഡി സ്കീമില്‍ തിയേറ്റർ പൂർണമായും സൗരോർജത്തിലേക്ക് മാറ്റുകയാണ്. 

ഇതിന്‍റെ ഭാഗമായി 6000 അടി വിസ്തൃതിയില്‍ തിയറ്ററിന് മുകളില്‍ സോളാർ പാനലുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. 60 ലക്ഷത്തിലേറെ രൂപയാണ് ഇതിന്‍റെ പ്രാഥമിക ചെലവ് കണക്കാക്കുന്നത്.തിയറ്ററില്‍ ഉപയോഗിച്ച്‌ ബാക്കി വരുന്ന വൈദ്യുതി കെഎസ്‌ഇബിക്ക് വില്‍ക്കുന്നതിനും കരാറില്‍ വ്യവസ്ഥയുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ തിയേറ്റർ പൂർണമായും സൗരോർജത്തില്‍ പ്രവർത്തിച്ചു തുടങ്ങും. ഇതാടെ വടക്കേ മലബാറിലെ ആദ്യത്തെ സോളാർ തിയേറ്ററായി തളിപ്പറമ്ബ് ആലിങ്കീല്‍ മാറും.

Post a Comment

Previous Post Next Post