തളിപ്പറമ്പ്:തളിപ്പറമ്പ് കൂർഗ് ബോർഡർ റോഡില്‍ പൂവത്ത് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു. വേഗ നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി സിസ്റ്റർ സൗമ്യയുടെ ജീവൻ ബലി നല്‍കേണ്ട സാഹചര്യം വേണ്ടി വന്നു എന്നാണ് നാട്ടുകാർ പറയുന്നത്.
പൂവം സെന്‍റ് മേരീസ് കോണ്‍വെന്‍റിന് മുന്നിലെ റോഡിലെ അപകടാവസ്ഥയെക്കുറിച്ച് വിശദമാക്കി കഴിഞ്ഞ ദിവസം ആണ് മദർ സുപ്പീരിയർ ആയിരുന്ന സിസ്റ്റർ സൗമ്യ തളിപ്പറമ്ബ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.
എന്നാല്‍ പരാതിയുടെ ചൂടാറും മുമ്ബായിരുന്നു ഇതേ സ്ഥലത്ത് ബസിടിച്ച് സിസ്റ്റർക്ക് മരണം വരിക്കേണ്ടി വന്നത്. ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് സെൻമേരി ഓഫ് ദി ഏയ്ഞ്ചല്‍സ് സഭയുടെ പൂവം സെൻമേരിസ് കോണ്‍വെന്‍റിലെ മദർ സുപ്പീരിയറാണ് തൃശൂർ മാള സ്വദേശിയുമായ സൗമ്യ. രണ്ടുദിവസം മുമ്ബായിരുന്നു സിസ്റ്ററുടെ അപകടമരണം . പൂവം റോഡില്‍ സ്പീഡ് ബ്രേക്കറും സീബ്ര ലൈനും വേണമെന്ന് ആവശ്യപ്പെട്ടാണ് സിസ്റ്റർ പരാതി നല്‍കിയത്.
ഈ റോഡില്‍ അപകടങ്ങള്‍ നിത്യ സംഭവങ്ങളാണ്. പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം ബസ് സ്റ്റോപ്പ് കഴിഞ്ഞ് പൂവം വരെയുള്ള റോഡ് ജനങ്ങളുടെ പേടിസ്വപ്നമാണ്. വർഷങ്ങള്‍ക്കു മുൻപ് പൂവം സ്വദേശിയായ യുവാവ് ഇവിടെ സ്കൂട്ടറും ലോറിയും ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചിരുന്നു. അതിനുമുമ്ബ് ജീപ്പുകള്‍ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ച സംഭവവും നടന്നിരുന്നു.
ഇതേ കോണ്‍വെന്‍റിലെ സുപ്പീരിയർ ആയിരുന്ന സിസ്റ്റർക്ക് കഴിഞ്ഞവർഷം ഇവിടെ വച്ച് ബൈക്കിടിച്ച് പരിക്കേറ്റിരുന്നു. സ്പീഡ് ബ്രേക്കർ സ്ഥാപിക്കാൻ പോലീസിന് ഫണ്ടില്ലാത്തതിനാല്‍ സ്പോണ്‍സർമാരെ കണ്ടെത്തി സംവിധാനം ഏർപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു എന്നായിരുന്നു പോലീസ് അധികൃതരുടെ ഭാഷ്യം.
Post a Comment