കണ്ണൂരില്‍ എത്രയൊക്കെ സ്ഥലങ്ങളുണ്ടെന്നു പറഞ്ഞാലും അവിടെയൊന്നും പോയാല്‍ കിട്ടാത്ത സുഖം നല്കുന്ന ഒരിടമുണ്ട്.
അതാണ് പൈതല്‍ മല. നട്ടുച്ചയ്ക്കും കോടമഞ്ഞ് ഇറങ്ങി തണുപ്പിച്ചു നിര്‍ത്തുന്ന കാറ്റു നിറഞ്ഞ ഒരത്ഭുത ഇടം. ഈ കാഴ്ചകളിലേക്ക് പോകാന്‍ ആഗ്രഹിക്കാത്തവര്‍ കുറവാണെങ്കിലും ചെന്നെത്തുക എന്നത് എളുപ്പമുള്ള ഒരു കാര്യമല്ല. പ്രത്യേകിച്ച് പൊതുഗതാഗതം ആശ്രയിച്ച് യാത്ര ചെയ്യുന്നവരാണെങ്കില്‍.
എന്നാലിതാ, എവിടുന്ന് ബസ് കയറുമെന്നോ തിരികെ വരാൻ ബസ് കിട്ടുമോ തുടങ്ങിയ പേടിയില്ലാതെ, പൈതല്‍മല കയറിയാലോ? ഒപ്പം പാലക്കയം തട്ടും ഏഴരക്കുണ്ട് വെള്ളച്ചാട്ടവും കണ്ട് വരാം. ഈ കിടിലൻ യാത്രാ പാക്കേജ് ഒരുക്കിയിരിക്കുന്നത് കണ്ണൂര്‍ കെഎസ്‌ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്‍ ആണ്.
കണ്ണൂരിന്‍റെ മൂന്നാര്‍ എന്നു വിളിക്കപ്പെടുന്ന പൈതല്‍മല ജീവിതത്തില്‍ ഒരിക്കലെങ്കിലും കയറിയിരിക്കേണ്ട തീര്‍ത്തും വ്യത്യസ്തമായ ഒരു യാത്രാനുഭവം നല്കുന്ന ഇടമാണ്. കണ്ണൂരുകാര്‍ക്ക് മാത്രമല്ല, ജില്ലയ്ക്ക് പുറത്തു നിന്നുള്ളവര്‍ക്കും പ്രയോജനപ്പെടുത്താൻ പറ്റിയ ഈ യാത്ര രണ്ടു തവണയാണ് നവംബര്‍ മാസത്തില്‍ നടത്തുന്നത്. നവംബര്‍ 5,19 എന്നീ ഞായറാഴ്ചകളില്‍ ആണ് കണ്ണൂരില്‍ നിന്നും യാത്ര പുറപ്പെടുന്നത്.
രാവിലെ 6.30 ന് യാത്ര കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് യാത്ര ആരംഭിക്കും. ആദ്യം പോകുന്നത് പൈതല്‍ മലയിലേക്ക് തന്നെയാണ്. നീണ്ട നടത്തവും കോടമഞ്ഞ് പൊതിഞ്ഞ വനങ്ങളും കടന്നു പോകുന്ന യാത്രയുള്ള പൈതല്‍മലയെ വെറുതേയല്ല കണ്ണൂരുകാരുടെ മൂന്നാര്‍ എന്നു വിളിക്കുന്നതെന്ന് ഇവിടെ ഒരുവട്ടം വന്നാല്‍ മനസ്സിലാകും. കണ്ണൂര്‍ ജില്ലയുടെ ഏക ഹില്‍ സ്റ്റേഷൻ കൂടിയാണിത്. സമുദ്രനിരപ്പില്‍ നിന്ന് 4500 അടി ഉയരത്തിലാണ് ഇവിടമുള്ളത്.
പൈതല്‍മലയില്‍ നിന്നും ഇറങ്ങുന്നത് ഏഴരക്കുണ്ട് വെള്ളച്ചാട്ടം കാണാനാണ്. കണ്ണൂരിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നായ ഇത് പൊട്ടൻപ്ലാവ് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. തളിപ്പറമ്ബില്‍ നിന്നും 36 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. മഴക്കാലത്താണ് ഇതിന്റെ ഭംഗി കൂടുതല്‍ കാണാൻ സാധിക്കുക. ഏഴ് കുണ്ടുകളും ഒരു അരക്കുണ്ടും ചേര്‍ന്ന വെള്ളച്ചാട്ടം ആയതിനാലാണ് ഇത് ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നറിയപ്പെടുന്നത്.
ഏഴരക്കുണ്ടില്‍ നിന്നും അടുത്തത് പാലക്കയം തട്ട് കാണാനാണ് യാത്ര. പൈതല്‍മാലയില്‍ നിന്നും 15 കിലോമീറ്ററാണ് ദൂരം. സമുദ്രനിരപ്പില്‍നിന്നും 3500 അടി ഉയരത്തിലാണ് പാലക്കയം തട്ട്. കണ്ണൂരിന്‍റെ ഊട്ടി എന്നാണ് പാലക്കയം തട്ട് അറിയപ്പെടുന്നത്. പൈതല്‍ മല, വളപട്ടണം പുഴ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടെ നിന്നാല്‍ കാണാം.
കണ്ണൂരില്‍ നിന്നുള്ള പൈതല്‍മല, പാലക്കയം തട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം യാത്രയ്ക്ക് പ്രവേശനഫീസും ഭക്ഷണവും ഉള്‍പ്പെടെയുള്ള പാക്കേജാണ് ഒരുക്കിയിരിക്കുന്നത്.. ബുക്കിങ്ങിനും അന്വേഷണങ്ങള്‍ക്കും 8089463675, 9496131288 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.
Post a Comment