ഇരിട്ടിയില്‍ മാവോവാദികളെ നേരിടാൻ ബുള്ളറ്റ് പ്രൂഫ് വാഹനമെത്തി

 



ഇരിട്ടി: മലയോര മേഖലയിലെ വനാന്തരങ്ങളില്‍ തമ്ബടിച്ച മാവോവാദികള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനും നേരിടുന്നതിനുമായി തണ്ടര്‍ബോള്‍ട്ടിന് ബുള്ളറ്റ് പ്രൂഫ് വാഹനമെത്തി.


മാവോവാദികള്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയതിന് പിന്നാലെ തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിനായാണ് വാഹനം കരിക്കോട്ടക്കരി സ്റ്റേഷനിലെത്തിയത്. അടുത്തു തന്നെ ഇത് തണ്ടര്‍ ബോള്‍ട്ടിന്റെ ഭാഗമാവും.


ദുര്‍ഘടമായ വഴിയിലൂടെ എളുപ്പത്തില്‍ കയറിപ്പോകാൻ കഴിയുന്നതും വാഹനത്തിനുള്ളില്‍നിന്നുകൊണ്ട് മാവോവാദികളുടെ അക്രമണത്തെ പ്രതിരോധിക്കാനും വെടിയുതിര്‍ക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയും. വയനാട്ടില്‍ നിന്നും പൊലീസുമായുള്ള വെടിവെപ്പിനിടയില്‍ രക്ഷപ്പെട്ട അഞ്ചംഗ മാവോവാദി സംഘത്തിലെ മൂന്ന് പേരെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കി. 


കര്‍ണാടക ആന്റി നക്സല്‍ഫോഴ്സ് (എ.എൻ.എഫ്), തമിഴ്നാട് ക്യൂ ബ്രാഞ്ച് എന്നിവരുടെ സഹായത്തോടെ കേരളം, കര്‍ണാടക, തമിഴ്നാട് അതിര്‍ത്തികളിലെ വനമേഖലയില്‍ തിരച്ചില്‍ ശക്തമാക്കി. വയനാട്ടില്‍ നിന്നും ആയുധങ്ങള്‍ സഹിതം പിടിയിലായ മാവോവാദി ബാണാസുര ഗ്രൂപ്പില്‍പ്പെട്ട ചന്ദ്രു, ഉണ്ണിമായ എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാവോവാദികളുടെ സഞ്ചാരപാതയും ഇവര്‍ക്ക് സഹായം നല്‍കുന്നവരെക്കുറിച്ചും വ്യക്തമായ ചിത്രം ലഭിക്കുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം. 


ആറളം, കൊട്ടിയൂര്‍, കണ്ണവം വനമേഖലകളും കര്‍ണാടകയുടെ ബ്രഹ്മഗിരി വന്യജീവി സങ്കേതവും പൊലീസിന്റെയും വനംവകുപ്പിന്റെയും നിരീക്ഷണത്തിലാണ്. മലയോരത്തെ വനമേഖലയോട് ചേര്‍ന്ന ഗ്രാമങ്ങളിലും ഇവര്‍ സ്ഥിരമായി സാധനങ്ങളും മറ്റും വാങ്ങാൻ എത്താറുള്ള പ്രദേശങ്ങളിലും തണ്ടര്‍ബോള്‍ട്ട് സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post