വെള്ളാട് വില്ലേജ് ഓഫിസിൽ നിന്നുതിരിയാൻ പോലും ഇടമില്ല - വലഞ്ഞു പൊതുജനം - വലിയ വില്ലജ് ആയിട്ടും അവഗണന

 


കരുവഞ്ചാൽ :വെള്ളാട് വില്ലേജ് ഓഫിസ് സ്മാർട്ടാക്കാനുള്ള നാട്ടുകാരുടെ കാത്തിരിപ്പ് അനിശ്ചിതമായി നീളുന്നു. സ്മാർട് വില്ലേജ് ഓഫിസുകളായി ഉയർത്തുന്ന ലിസ്റ്റിൽ കഴിഞ്ഞവർഷം പ്രഥമ പരിഗണന ലഭിച്ചെങ്കിലും പിന്നീട് പിന്നാക്കം പോയി. ഈ വർഷം പരിഗണന പോലും ലഭിച്ചില്ല.


മലയോരത്തെ പ്രധാന വില്ലേജ് ഓഫീസ് എന്ന നിലയിൽ നേരത്തെതന്നെ സ്മാർട്ട് വില്ലേജായി ഉയർത്തേണ്ടതാണ്. കെട്ടിടത്തിന് ആവശ്യമായ സ്ഥലം ലഭ്യമാണ്.


ഇതിൽ രണ്ട് സെന്റ് വ്യക്തി സൗജന്യമായി നൽകിയതാണ്. അതേസമയം സ്ഥലപരിമിതി മൂലം വീർപ്പുമുട്ടുകയാണ് വെള്ളാട് വില്ലേജ് ഓഫീസ്. 500ലി താഴെ ചതുരശ്ര അടി വിസ്തൃതി കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ഇടുങ്ങിയ രണ്ടു റൂമുകളും വരാന്തയുമാണ് ഓഫീസിലുള്ളത്.


ഓഫീസ് ആവശ്യത്തിനുള്ള മേശകളും കസേരകളും ഫയൽ വയ്ക്കാനുള്ള റാക്കുകളും ഇട്ടുകഴിഞ്ഞാൽ ജീവനക്കാർക്കുപോലും നിന്നുതിരിയാൻ ഇടമില്ല.


വില്ലേജ് ഓഫീസിലെത്തുന്ന ആളുകൾക്ക് വരാന്തയിലും പുറത്തുമായി നിൽക്കേണ്ട അവസ്ഥയാണ്. മഴക്കാലത്ത് ഓഫീസ് കെട്ടിടത്തിന്റെ മുറ്റത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നു.


തളിപ്പറമ്പ്-കൂർഗ് ബോർഡർ റോഡിൽനിന്നുള്ള വെള്ളമാണ് മുറ്റത്തേക്ക് ഒഴുകിയെത്തുന്നത്. ഈ സമയത്ത് ഓഫീസിലേക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണ്.


തടിക്കടവ്, നടുവിൽ ദേശങ്ങൾ ഉൾപ്പെടുന്ന വെള്ളാട്ട് വില്ലേജിന് 5562 ഹെക്ടർ വിസ്തൃതിയുണ്ട്. 1981ൽ നടുവിൽ, തിമിരി വില്ലേജുകളെ വിഭജിച്ചാണ് വെള്ളാട്ട് വില്ലേജ് നിലവിൽ വന്നത്.


Post a Comment

Previous Post Next Post