ചെറുപുഴ: കാനംവയല്‍ കോളനിയിലെയും സമീപത്തുള്ളവരുടെയും ഓമനയായി മാറിയിരിക്കുകയാണ് കര്‍ണാടക വനത്തില്‍ നിന്നുമെത്തിയ ഒരു ഹനുമാൻ കുരങ്ങ്.
ഏഴുമാസത്തോളമായി കാടിറങ്ങിയെത്തിയ കുരങ്ങിനിവിടെ സുഖവാസമാണിപ്പോള്‍.
കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്നതാണ് കാനംവയല്‍ കോളനി. മനഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കുമൊപ്പം കുറുമ്ബുകാട്ടി ഇവൻ ഇവിടെ ജീവിക്കുകയാണ്. ഇതോടെ നാട്ടുകാര്‍ രാമൻ എന്ന് ഓമനപ്പേരിട്ട് വിളിക്കാനും തുടങ്ങി. ഇപ്പോള്‍ കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ ഇല്ലാതെ എല്ലാവരുമായി ചങ്ങാത്തത്തിലാണ് രാമൻ.
നാട്ടിലെത്തിയ കാലത്ത് ചിലര്‍ക്കെങ്കിലും ശല്യക്കാരനായിരുന്നെങ്കിലും ഇപ്പോള്‍ രാമനെ കണ്ടില്ലെങ്കില്‍ നാട്ടുകാര്‍ അന്വേഷണം ആരംഭിക്കും. രാമനെ കണ്ടെത്തിയാലേ ഇവര്‍ക്ക് സമാധാനമാകൂ. ഹനുമാൻ കുരങ്ങിന് ഇപ്പോള്‍ ബിസ്കറ്റും മിഠായികളുമാണേറെയിഷ്ടം. സ്ഥലത്തെ എല്ലാ വീടുകളില്‍ നിന്നും ഭക്ഷണം കൊടുക്കും. നേരം വെളുക്കുന്നതോടെ കോളനിയിലെ വീടുകളിലെത്തും. രാത്രിയാവുന്നതോടെ കാട്ടിലേക്ക് മടങ്ങും. എന്നാലിപ്പോള്‍ ഉള്‍വനത്തിലേക്ക് പോകാതെ വനാതിര്‍ത്തിയിലെ മരത്തിനു മുകളിലാക്കി താമസം.
ആളുകളുടെ തോളില്‍ കയറിയിരുന്നും പോക്കറ്റില്‍ കൈയിട്ടും സമീപത്തെ കടയിലെത്തി മിഠായി ചോദിച്ചും രാമൻ ഏവരുടേയും പ്രിയങ്കരനായിരിക്കുകയാണ്. വംശനാശം നേരിടുന്ന വിഭാഗത്തില്‍പ്പെട്ടതാണ് ഹനുമാൻ കുരങ്ങുകള്‍. ഇവനെ കാണാൻ കൗതുകത്തോടെ നിരവധി പേരാണ് ദിവസേന കാനംവയലിലെത്തുന്നത്. വരുന്നവര്‍ രാമനൊപ്പം ഫോട്ടോയെടുക്കാനാണ് ഏറെ ഇഷ്ടപ്പെടുന്നത്. ആരെയും രാമൻ നിരാശപ്പെടുത്താറുമില്ല. മനുഷ്യര്‍ കഴിഞ്ഞാല്‍ നായകളും കോഴികളുമൊക്കെയാണ് കൂട്ടുകാര്‍.

Post a Comment