കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാൻ സ്വര്‍ണപ്പണിക്കാരനെ ഭീഷണിപ്പെടുത്തി; കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

കണ്ണൂര്‍: സ്വര്‍ണപ്പണിക്കാരനെ ഭീഷണിപ്പെടുത്തി കളളക്കടത്ത് സ്വര്‍ണം കൈക്കലാക്കാൻ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.
ഡിആര്‍ഐ പിടിച്ചെടുത്ത സ്വര്‍ണത്തില്‍ നിന്ന് 87 ഗ്രാം തട്ടാനായിരുന്നു വടക്കേ ഇന്ത്യക്കാരായ രണ്ട് ഉദ്യോഗസ്ഥരുടെ ശ്രമം. സ്വര്‍ണപ്പണിക്കാരൻ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചതോടെയാണ് പിടിവീണത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ യുവാവില്‍ നിന്ന് ഒരാഴ്ച മുമ്ബാണ് ഡിആര്‍ഐ വിഭാഗം സ്വര്‍ണം പിടികൂടിയത്. ക്യാപ്സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം. തുടര്‍ നടപടികള്‍ക്ക് എയര്‍ കസ്റ്റംസിന് കൈമാറി. സ്വര്‍ണം വേര്‍തിരിക്കാൻ ഏല്‍പ്പിക്കുന്നത് കസ്റ്റംസാണ്. അവരുടെ അംഗീകാരമുളള മട്ടന്നൂരിലെ ജ്വല്ലറിയില്‍ പിടിച്ചെടുത്ത സ്വര്‍ണമെത്തിച്ചു. എയര്‍ കസ്റ്റംസ് വിഭാഗത്തിലെ സൂപ്രണ്ടും ഒരു ഇൻസ്പെക്ടറുമാണ് എത്തിയത്. വേര്‍തിരിച്ചെടുത്ത സ്വര്‍ണത്തില്‍ നിന്ന് ഒരു പങ്ക് മാറ്റിവെക്കണമെന്ന് ഉദ്യോഗസ്ഥര്‍ സ്വര്‍ണപ്പണിക്കാരനെ ഭീഷണിപ്പെടുത്തി.ബാക്കിയുളള അളവ് രേഖപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കാനും ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. 87 ഗ്രാം സ്വര്‍ണം മാറ്റിവച്ച സ്വര്‍ണപ്പണിക്കാരൻ വൈകാതെ ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച്‌ വിവരം പറഞ്ഞു. ഇതോടെ കളളക്കളി നടന്നില്ല. മാറ്റിവച്ച സ്വര്‍ണം പിടിച്ചെടുത്ത സ്വര്‍ണത്തിന്‍റെ കണക്കില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് ചേര്‍ത്തു. ആഭ്യന്തര അന്വേഷണം നടത്തി.

Post a Comment

Previous Post Next Post