മലയോരത്ത് തെങ്ങുകളെ ബാധിക്കുന്ന മാരകരോഗമായ തഞ്ചാവൂര്‍ വാട്ടം വ്യാപകമായി. രോഗം സ്ഥിരീകരിച്ചിട്ട് രണ്ട് വര്‍ഷത്തിലേറെയായിട്ടും രോഗനിയന്ത്രണത്തിന് ഒരു നടപടിയും ഉണ്ടായിട്ടില്ല.
രോഗനിയന്ത്രണം ചെലവേറിയതായതിനാല്‍ തെങ്ങുകള്‍ നശിക്കുന്നത് കണ്ടുനില്‍ക്കാനേ കര്‍ഷകര്‍ക്കാവുന്നുള്ളൂ.
രോഗനിയന്ത്രണത്തിനായി പാക്കേജ് അനുവദിക്കണമെന്ന് ഗ്രാമസഭകളും കര്‍ഷകരും കര്‍ഷകസംഘടനകളും പലതവണ ആവശ്യപ്പെട്ടിരുന്നു.2021 സെപ്റ്റംബറിലാണ് തഞ്ചാവൂര്‍ വാട്ടം മലയോരത്ത് സ്ഥിരീകരിച്ചത്. 2022 ജൂലൈയില്‍ കൃഷി വിദഗ്‌ധരുടെ സംഘവും കാര്‍ഷിക വിജ്ഞാനകേന്ദ്രവും ഓഗസ്റ്റില്‍ സിപിസിആര്‍ഐയില്‍നിന്നുള്ള വിദഗ്‌ധ സംഘവും കൃഷിയിടങ്ങളില്‍ സന്ദര്‍ശനം നടത്തുകയും രോഗം സ്ഥിരീകരിക്കുകയും വേഗത്തില്‍ പടരുകയാണെന്ന് പറയുകയും ചെയ്തിരുന്നു.
വെള്ളത്തിലൂടെ അതിവേഗം പടരുന്ന ഗാനോഡെര്‍മ ലൂസിഡം എന്ന കുമിള്‍ രോഗമാണിത്. പൊട്ടാഷ്, ബോറോണ്‍ തുടങ്ങിയ മൂലകങ്ങളുടെ കുറവ് കൃഷിയിടങ്ങളില്‍ കണ്ടെത്തിയിരുന്നു.
ആരോഗ്യം കുറഞ്ഞ തെങ്ങുകളെ രോഗം കൂടുതലായി ബാധിക്കുന്നതിനാല്‍ തെങ്ങുകള്‍ക്ക് നന്നായി വളം നല്‍കാനും നിര്‍ദേശിച്ചിരുന്നു. ഇതിനുവേണ്ടി പ്രത്യേക പാക്കേജ് തയാറാക്കി നടപ്പാക്കണമെന്ന് കര്‍ഷകരും കര്‍ഷക സംഘടനകളും ആവശ്യപ്പെട്ടിരുന്നു.തുടക്കത്തില്‍ താഴത്തെ നിരയിലുള്ള ഓലകള്‍ വാടിയുണങ്ങുകയും താഴെ വീഴാതെ തെങ്ങിന്‍റെ മുകളില്‍ തൂങ്ങിനില്‍ക്കുകയും ചെയ്തു.
പിന്നീട് ഓലകള്‍ ഉണങ്ങി തെങ്ങിന്‍റെ തല മറിഞ്ഞുപോകും.തേങ്ങയും മച്ചിങ്ങയും കൊഴിഞ്ഞു വീഴും. രോഗലക്ഷണങ്ങള്‍ കണ്ട് ഒന്നുരണ്ടു മാസത്തിനിടെ തെങ്ങുകള്‍ പൂര്‍ണമായി നശിക്കും.ഇതിന് അടിയന്തര പരിഹാരം കാണണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Post a Comment