തകര്‍ന്നടിഞ്ഞ് ഇന്ത്യ; ലോകകിരീടത്തിന് ഓസീസ് ലക്ഷ്യം 241 റൺസ്



ഏകദിന ലോകകപ്പ് ഫൈനലില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിംഗ് നിര. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി വന്ന ഇന്ത്യ നേടിയത് വെറും 240 റണ്‍സാണ്. വിരാട് കോഹ്‌ലിയുടെയും കെ എല്‍ രാഹുലിന്റെയും അര്‍ദ്ധ സെഞ്ചുറികളാണ് ഇന്ത്യന്‍ സ്‌കോര്‍ 200ലെത്തിച്ചത്.

ടോസ് നേടിയ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് ഞെട്ടിച്ചു. പിന്നാലെ തകര്‍പ്പന്‍ ബൗളിംഗും ഫീല്‍ഡിംഗുമായും ഓസ്‌ട്രേലിയ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. നാല് റണ്‍സുമായി ശുഭ്മാന്‍ ഗില്‍ പുറത്താകുമ്പോള്‍ വരാനിരിക്കുന്നത് വമ്പന്‍ തകര്‍ച്ചയാണെന്ന് ആരാധകര്‍ കരുതിയിരുന്നില്ല. രോഹിത് ശര്‍മ്മയുടെ വമ്പന്‍ അടികള്‍ അണയാന്‍ പോകുന്നതിന് മുമ്പുള്ള ആളിക്കത്തല്‍ മാത്രമായിരുന്നു.

47 റണ്‍സുമായി രോഹിത് മടങ്ങിയതിന് പിന്നാലെ കണ്ടത് ഡഗ് ഔട്ടിലേക്ക് ഘോഷയാത്രയാണ്. ശ്രേയസ് നാല് റണ്‍സുമായി വന്നപോലെ മടങ്ങി. നാലാം വിക്കറ്റിലെ പോരാട്ടം ഇല്ലായിരുന്നുവെങ്കില്‍ സ്‌കോര്‍ബോര്‍ഡ് ഇതിലും ചുരുങ്ങുമായിരുന്നു. കോഹ്‌ലിയും കെ എല്‍ രാഹുലും നാലാം വിക്കറ്റില്‍ 67 റണ്‍സെടുത്തു. 54 റണ്‍സുമായി കോഹ്‌ലി മടങ്ങിയത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി.

ജഡേജ ഒമ്പത് റണ്‍സെടുത്ത് പുറത്തായി. പിന്നാലെ 66 റണ്‍സെടുത്ത് കെ എല്‍ രാഹുല്‍ വിക്കറ്റ് നഷ്ടമാക്കി. വാലറ്റക്കാരെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ യാദവ് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒമ്പതാമനായി സൂര്യകുമാര്‍ വീണതോടെ വലിയ സ്‌കോറിലെത്താമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു.

Post a Comment

Previous Post Next Post