കണ്ണൂര്‍: ഇന്ത്യൻ ഫുട്ബോള്‍ താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി. ബാഡ്മിന്റണ്‍ താരം റെസ ഫര്‍ഹത്താണ് വധു.
വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് താരമായ സഹലിന്റെ വിവാഹത്തില്‍ സഹതാരങ്ങളായ രാഹുല്‍ കെ.പി സച്ചിൻ സുരേഷ് തുടങ്ങിയവര്‍ വിവാഹത്തിന് എത്തിയിരുന്നു. 2022 ജൂലായ് നാലിനായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം.
ക്ലബ്ബിലെയും ഇന്ത്യൻ ടീമിലെയും സഹതാരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമായി സഹല്‍ പ്രത്യേകം വിവാഹസല്‍ക്കാരം നടത്തുമെന്നാണ് സൂചന. ഇന്ത്യയുടെ സാഫ് കപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചതിന് പിന്നാലെയാണ് സഹലിന് വിവാഹത്തിന്റെ ഇരട്ടി മധുരവുമെത്തിയത്. സാഫ് കപ്പ് ഫൈനലില്‍ കുവൈറ്റിനെതിരെ ഇന്ത്യക്ക് ലാലിയൻസുവാല ചാംഗ്‌തേ സമനില ഗോള്‍ സമ്മാനിച്ചത് സഹലിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു.
അതേസമയം ഇത്തവണത്തെ ട്രാൻസ്ഫര്‍ വിൻഡോയില്‍ സഹല്‍ ബ്ലാസ്റ്റേഴ്സ് വിടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അറ്റാക്കിങ് മിഡ്ഫീല്‍ഡറായി തിളങ്ങുന്ന സഹല്‍ 2017-ലാണ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നത്. ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതിന്റെ റെക്കോര്‍ഡ്(97) സഹലിന്റെ പേരിലാണ്. ഐഎസ്‌എല്ലില്‍ ബ്ലാസ്റ്റേഴ്‌സിനായി പത്തു ഗോളുകളും ഒമ്ബത് അസിസ്റ്റുകളുമാണ് സഹലിന്റെ നേട്ടം. കൊല്‍ക്കത്ത വമ്ബന്മാരായ മോഹൻ ബഗാൻ സൂപ്പര്‍ ജയന്റ്സാണ് റെക്കോഡ് തുകയുമായി സഹലിനായി രംഗത്തുള്ളത്.
ഇന്റര്‍ കോണ്ടിനെന്റല്‍, സാഫ് കപ്പ് ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ കിരീടവിജയത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു സഹല്‍. ഇന്ത്യൻ കുപ്പായത്തില്‍ 30 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളും സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം, സഹല്‍ സൗദി പ്രോ ലീഗിലേക്കു പോകുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ 2025വരെ സഹലുമായി കേരളാ ബ്ലാസ്റ്റേഴ്‌സിന് കരാറുണ്ട്. സഹലിനെ സ്വന്തമാക്കണമെങ്കില്‍ വൻതുക ട്രാൻസ്ഫര്‍ ഫീ ആയി കേരള ബ്ലാസ്റ്റേഴ്‌സിന് നല്‍കേണ്ടിവരും.

Post a Comment