മഴ മുന്നറിയിപ്പ്: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഇന്ന് നടത്താനിരുന്ന പ്രവേശന നടപടികള്‍ മാറ്റിവെച്ചു

 


കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല ഇന്ന് (24.07.2023) ന് നടത്താനിരുന്ന ഡിപ്പാര്‍ട്ട്മെന്റ് യുജി, പിജി, അഫിലിയേറ്റഡ് കോളേജുകളിലെ യു.ജി എന്നിവയിലേക്കുള്ള അഡ്മിഷൻ നടപടികള്‍ ചൊവ്വാഴ്ച നടക്കും.


മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, അംഗനവാടി, സിബിഎസ്‌ഇ – ഐസിഎസ്‌ഇ സ്കൂളുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.


അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിന്‌ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും വിദ്യാര്‍ഥികളെ മഴക്കെടുതിയില്‍ നിന്ന്‌ അകറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു. അതേസമയം നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.


മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതത് ജില്ലാ കളക്ടര്‍മാര്‍ നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.


ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് (ജൂലൈ 24 ) വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്റ്റര്‍ ഡോ. രേണു രാജ് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പി.എസ്.സി പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.


സംസ്ഥാനത്ത് ഒരു ഇടവേളക്ക് ശേഷമാണ് മഴ വീണ്ടും ശക്തമാകുന്നത്. വടക്കൻ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് വടക്കൻ കേരളത്തിലെ 4 ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് നിലവില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post