അരങ്ങേറ്റത്തില്‍ 'മിന്നി'; ആദ്യ ഓവറില്‍ തന്നെ കന്നി അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കി മിന്നു മണി



ധാക്ക: ഇന്ത്യന്‍ ദേശീയ ടീമിനായി ട്വന്റി 20 മത്സരം കളിക്കുന്ന ആദ്യ മലയാളി വനിതാ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ അരങ്ങേറ്റ മത്സരത്തില്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തി മിന്നു മണി.

മത്സരത്തിലെ അഞ്ചാം ഓവര്‍ എറിഞ്ഞ മിന്നു, നാലാം പന്തില്‍ ബംഗ്ലാദേശ് താരം ഷമിമ സുല്‍ത്താനയെ ജെമിമ റോഡ്രിഡസിന്റെ കൈകളിലെത്തിച്ചാണ് സീനിയര്‍ കരിയറിലെ ആദ്യ അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കിയത്.

വയനാട്ടുകാരിയായ മിന്നു മണി ഇടംകൈ ബാറ്ററും വലംകൈ സ്പിന്നറുമാണ്. ടീമിലെ പ്രധാന ഓള്‍റൗണ്ടര്‍മാരില്‍ ഒരാളുകൂടിയാണ് താരം. മാനന്തവാടി ചോയിമൂലയിലെ മണി-വസന്ത ദമ്ബതിമാരുടെ മകളാണ് 24 കാരിയായ മിന്നു.

ഏഷ്യൻ ഗെയിംസിന് ഒരുങ്ങാനുള്ള ഇന്ത്യൻ വനിതാ ടീമിന്‍റെ പരമ്ബരയാണിത്. ഹര്‍മൻപ്രീത് കൗറാണ് ഇന്ത്യൻ ക്യാപ്റ്റൻ. പരമ്ബരയില്‍ 3 മത്സരങ്ങളാണുള്ളത്. ഇരു ടീമും പതിമൂന്ന് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. പതിനൊന്ന് തവണയും ഇന്ത്യക്കായിരുന്നു ജയം. രണ്ട് കളിയില്‍ ബംഗ്ലാ വനിതകള്‍ ജയിച്ചു. നാല് മാസം മുൻപ് നടന്ന ട്വന്റി 20 ലോകകപ്പ് സെമിഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ പരാജയപ്പെട്ട ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരമാണ്.


Post a Comment

Previous Post Next Post