കനത്ത മഴ തുടരുന്നു; ഇന്ന് സ്‌കൂളുകള്‍ക്ക് അവധി, കളക്ടര്‍ മുത്താണ് എന്ന് കമന്റുകള്‍

 


കണ്ണൂര്‍: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു.


തിങ്കളാഴ്ചയ്ക്ക് പിന്നാലെയാണ് ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മലബാര്‍ മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. സ്‌കൂള്‍, കോളജ്, മദ്രസ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ ഇന്ന് കണ്ണൂരില്‍ അവധിയായിരിക്കും. അങ്കണവാടികളും പ്രവര്‍ത്തിക്കില്ല. പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല. അതേസമയം, ഇത്തരത്തിലുണ്ടാകുന്ന അപ്രതീക്ഷിത അവധികള്‍ കാരണം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവധി നല്‍കുന്നതോടൊപ്പം കെടുതി സാധ്യതകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ വിട്ടു നില്‍ക്കണമെന്നും കളക്ടര്‍ ഉണര്‍ത്തി.



അവധി പ്രഖ്യാപിച്ചുകൊണ്ട് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നല്‍കിയ അറിയിപ്പിന് താഴെ കളക്ടറെ പുകഴ്ത്തി നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്. കളക്ടര്‍ മുത്താണ്, കളക്ടറുടെ കരുതല്‍, എന്തൊരു കെയറിങ് ആണ് സാറേ.... തുടങ്ങി പലരും ഹാസ്യം കലര്‍ത്തിയാണ് പ്രതികരിച്ചിരിക്കുന്നത്. തിങ്കളാഴ്ച സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ അവധി നല്‍കിയിരുന്നു.

കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് തിങ്കളാഴ്ച അവധി നല്‍കിയത്. മലബാറില്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. പലയിടത്തും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വരുന്ന ഏതാനും ദിവസങ്ങളില്‍ കൂടി മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Post a Comment

Previous Post Next Post