കണ്ണൂർ : ഉടമയുമായി പിണങ്ങിയതിനെത്തുടർന്ന് പാൽപാക്കറ്റ് നിർമിക്കുന്ന വസ്തുക്കളുമായി എത്തിയ ലോറിയുടെ ഡ്രൈവർ മുങ്ങി. ശ്രീകണ്ഠപുരത്തിനടുത്ത മടമ്പത്തെ മിൽമ ഡെയറിയുടെ മുറ്റത്ത് നാലുമാസമായി ഈ ലോറി മാർഗതടസ്സമായി കിടക്കുന്നു.
മഹാരാഷ്ട്രയിൽനിന്നുള്ള ഉത്‌പന്നങ്ങളുമായി മാർച്ച് 14-നാണ് എം.എച്ച്.12 പി.ക്യു. 7717 നമ്പർ ലോറിയെത്തിയത്. യാത്രാമധ്യേ എന്തോ പ്രശ്നത്തിന്റെ പേരിൽ ഉടമയുമായി ഉടക്കിയ കാര്യം ലോറി ഡ്രൈവർ അവിടത്തെ ജീവനക്കാരോട് സൂചിപ്പിച്ചിരുന്നു. ലോഡ് ഇറക്കിയശേഷം താക്കോൽ വാഹനത്തിൽതന്നെ ഉപേക്ഷിച്ച് ഡ്രൈവർ അപ്രത്യക്ഷമായി. പിന്നെ അദ്ദേഹത്തെ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല.
തുടർന്ന് മിൽമ മാനേജർ ശ്രീകണ്ഠപുരം പോലീസിൽ പരാതിപ്പെട്ടെങ്കിലും ഫലമൊന്നുമുണ്ടായില്ല. തുടർന്ന് വാഹനത്തിന്റെ ആർ.സി. ഉടമയ്ക്ക് റജിസ്‌ട്രേഡായി കത്തയച്ചിട്ടും പ്രതികരണങ്ങളൊന്നുമുണ്ടായില്ല.

Post a Comment