തടിക്കടവ്: ഒരു കിലോമീറ്ററില്‍ താഴെ ദൂരം യാത്ര ചെയ്യാൻ ആറ് കിലോമീറ്റര്‍ സഞ്ചരിക്കേണ്ട ഗതികേടിലാണ് ചപ്പരപടവ് പഞ്ചായത്തിലെ മണാട്ടി പ്രദേശവാസികള്‍.
മഴക്കാലമായാല്‍ മണാട്ടി പുഴയില്‍ വെള്ളം നിറഞ്ഞ് ചപ്പാത്ത് വെള്ളക്കെട്ടിലാകും. പിന്നെ തൂക്ക് പാലമാണ് ആശ്രയം. എന്നാലിപ്പോള്‍ തൂക്ക് പാലം ജീര്‍ണിച്ച് അപകടാവസ്ഥയിലായതോടെയാണ് പ്രദേശവാസികള്‍ യാത്രാക്ലേശത്തില്‍ വലയുന്നത്.
അപകടാവസ്ഥയിലായ തൂക്കുപാലത്തിന് പകരം പുതിയത് പണിയണമെന്ന നാട്ടുകാരുടെ ആവശ്യത്തോട് സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പഞ്ചായത്തും കൈമലര്‍ത്തുകയാണ്.
സാധരണഗതിയില്‍ ഇവിടെയുള്ള മുള കൊണ്ടുള്ള തൂക്ക് പാല നിര്‍മാണത്തിന് അമ്ബതിനായിരം രൂപയോളമാണ് ചെലവ്. തൂക്ക് പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തോട് പതിനായിരം രൂപ മാത്രമേ ഇത്തരം തൂക്കുപാലത്തിന് ചെലവഴിക്കാൻ വകുപ്പുള്ളൂ എന്നാണ് പഞ്ചായത്തധികൃതര്‍ പറഞ്ഞത്.
അതും തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തി മാത്രമേ നിര്‍മാണം നടത്താനാകൂ എന്നുമാണ് പറയുന്നത്. മുളത്തടികള്‍ കൃത്യമായി നിരത്തുന്നതും വരിഞ്ഞ് മുറുക്കുന്നതുമടക്കമുള്ള ജോലികള്‍ക്ക് അതി വൈദഗ്ദ്ധ്യം ആവശ്യമാണ്. തൂക്ക് പാലം നിര്‍മിച്ച് പരിചയമുള്ളവര്‍ക്കേ സുരക്ഷിതമായ പാലം പണിയാൻ കഴിയൂ എന്നും നാട്ടുകാര്‍ പറഞ്ഞു. പഞ്ചായത്തിന്‍റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടാവില്ലെന്ന് വ്യക്തമായതോടെ പ്രദേശവാസികളുടെ കൂട്ടായ്മയില്‍ തൂക്കുപാലത്തിന്‍റെ അറ്റകുറ്റപണി ആരംഭിച്ചിരിക്കുകയാണ്. ഇതിനാവശ്യമായ പണം ഉള്‍പ്പെടെ നാട്ടുകാര്‍ തന്നെയാണ് കണ്ടെത്തുന്നത്.
ഇവിടെ വിയര്‍ കം ബ്രിജ് (ഡബ്ല്യുസിബി) നിര്‍മിക്കണമെന്നത് നാട്ടുകാരുടെ ഏറെക്കാലമായുള്ള ആവശ്യമാണ്. പദ്ധതി യാഥാര്‍ഥ്യമാക്കാൻ നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചതിനെ തുടര്‍ന്ന് പത്തര കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് ഇറിഗേഷൻ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
ഇനി വേണ്ടത് സാങ്കേതികാനുമതിയാണ്. ഇത് ലഭിക്കുന്നതോടെ പദ്ധതി യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. പാലം നിര്‍മാണം പൂര്‍ത്തിയായാല്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ബാലപുരം-മണാട്ടി-നെല്ലിപ്പാറ റോഡ് വികസനവും സാധ്യമാകും.
വിയര്‍ കം ബ്രിഡ്ജ് നിര്‍മാണം വേഗത്തിലാക്കണം
മഴക്കാലമാക്കുന്നതോടെ മണാട്ടി പ്രദേശവാസികള്‍ അനുഭവിക്കുന്ന ദുരിതത്തിന് ശാശ്വത പരിഹാരമാണ് വേണ്ടത്. ഇവിടെ വീയര്‍ കം ബ്രിജ് (ഡബ്ല്യുസിബി) സ്ഥാപിക്കാനുള്ള നടപടി വേഗത്തി ലാക്കാൻ അധികാരികളെ സമീപിക്കും.
സുരക്ഷിത യാത്രയ്ക്ക് സംവിധാനം വേണം
മഴക്കാലമായാല്‍ മണാട്ടി പ്രദേശം ഒരു തുരുത്തായി മാറുകയാണ്. സമീപ പ്രദേശങ്ങളിലേക്ക് എത്താൻ കിലോമീറ്ററുകള്‍ സഞ്ചരിക്കണം. തൂക്ക് പാലമാണ് ഏക ആശ്രയം. അതും അപകടമാണ്. ജനങ്ങളുടെ സുരക്ഷിതമായ യാത്രയ്ക്ക് ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും നടപടി വേണം.

Post a Comment