തൃശ്ശൂർ: വരന്തരപ്പിള്ളിയിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ പ്രതിയായ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി വിനോദിന്റെ മരണത്തിലാണ് ഭാര്യ നിഷ(43)യെ പിടികൂടിയത്. ദമ്പതിമാർ തമ്മിലുണ്ടായ തർക്കത്തിനിടെ ഭാര്യ ഭർത്താവിനെ കറിക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.
ജൂലായ് 11-ാം തീയതി രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. മരിച്ച വിനോദ് കൂലിപ്പണിക്കാരനായിരുന്നു. നിഷ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയും. നിഷയുടെ ഫോൺവിളികളിൽ സംശയമുണ്ടായിരുന്ന വിനോദ് ഇതേച്ചൊല്ലി ഭാര്യയുമായി കലഹിക്കുന്നത് പതിവായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
സംഭവദിവസം വൈകിട്ട് വിനോദ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഭാര്യ ഫോണിൽ സംസാരിക്കുന്നതാണ് കണ്ടത്. ഇതോടെ വിനോദ് ബഹളമുണ്ടാക്കുകയും ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയുംചെയ്തു. നിഷ ഇതിനെ ചെറുത്തതോടെ ഇരുവരും തമ്മിൽ മൽപ്പിടിത്തമായി. വിനോദ് നിഷയുടെ കൈപിടിച്ച് തിരിച്ചു. ഇതോടെ വേദനകൊണ്ട് കുപിതയായ നിഷ സമീപത്തിരുന്ന മൂർച്ചയേറിയ കറിക്കത്തി കൊണ്ട് വിനോദിനെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു.
നെഞ്ചിൽ കുത്തേറ്റ വിനോദ് പിന്നാലെ സമീപത്തെ കട്ടിലിൽ ഇരുന്നു. ഭയന്നുപോയ നിഷ മുറിവ് അമർത്തിപ്പിടിച്ചതോടെ ആന്തരിക രക്തസ്രാവമുണ്ടാവുകയും വിനോദ് തളർന്നുപോവുകയുമായിരുന്നു. ഇതിനിടെ സമീപത്ത് താമസിക്കുന്ന വിനോദിന്റെ അമ്മ വീട്ടിലെത്തിയെങ്കിലും പ്രത്യേകിച്ചൊന്നും ശ്രദ്ധയിൽപ്പെടാത്തതിനാൽ തിരികെപോയി. എന്നാൽ ഏറെനേരം കഴിഞ്ഞിട്ടും വിനോദിന്റെ രക്തസ്രാവം നിലയ്ക്കാത്തത് കണ്ട് നിഷ തന്നെ വാഹനം വിളിച്ചുവരുത്തി ഭർത്താവിനെ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായി വിനോദ് മരിച്ചു.
പിടിവലിക്കിടെ നിലത്തുവീണപ്പോൾ ശരീരത്തിൽ എന്തോ തട്ടിയതാണ് മുറിവിന് കാരണമായതെന്നാണ് നിഷ ആശുപത്രിയിൽ അറിയിച്ചിരുന്നത്. സംഭവത്തിൽ സംശയമുള്ളതിനാൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. തുടർന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെയാണ് കേസിൽ അന്വേഷണം വിപുലമാക്കിയത്.
യുവാവിന്റെ മരണം കൊലപാതകമാകാമെന്നായിരുന്നു പോസ്റ്റ്മോർട്ടം നടത്തിയ പോലീസ് സർജന്റെ അഭിപ്രായം. പരിസരവാസികളോടും ബന്ധുക്കളോടും നടത്തിയ അന്വേഷണത്തിൽ ഇരുവരും തമ്മിൽ കലഹം പതിവായിരുന്നെന്ന് കണ്ടെത്തി. വിനോദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ നിഷ വീട്ടിലെത്തി തെളിവുകളെല്ലാം നശിപ്പിക്കാനും ശ്രമിച്ചിരുന്നു. ആശുപത്രിയിൽനിന്നു വീട്ടിലെത്തിയ നിഷ കത്തി കഴുകി ഒളിപ്പിച്ചുവയ്ക്കുകയും സംഭവസമയം വിനോദ് ധരിച്ചിരുന്ന വസ്ത്രങ്ങളിലും മറ്റും രക്തം പുരണ്ടിരുന്നതിനാൽ ഇവയെല്ലാം കത്തിച്ചു കളയുകയും ചെയ്തു.
മരണാനന്തര ചടങ്ങുകൾക്ക് ശേഷം നിഷയെ കണ്ട് പ്രത്യേകാന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തപ്പോൾ താഴെ വീണ് മുറിവേറ്റതാണെന്ന നിലപാടിൽ യുവതി ഉറച്ചുനിന്നു. ഒടുവിൽ ചോദ്യംചെയ്യലിൽ പിടിച്ചു നിൽക്കാനാവാതെ നടന്ന സംഭവങ്ങൾ തുറന്നുപറഞ്ഞു. കത്തികൊണ്ടുള്ള തന്റെ കുത്തേറ്റതാണ് വിനോദ് മരണപ്പെടാൻ കാരണമെന്നും നിഷ പോലീസിനോട് സമ്മതിച്ചു. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവ സ്ഥലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ പിടിവലി നടന്നതും കുത്തിയ രീതിയുമെല്ലാം നിഷ പോലീസിനോട് വിവരിച്ചു. കഴുകി വൃത്തിയാക്കി ഒളിപ്പിച്ച കത്തിയും കത്തിച്ച വസ്ത്രഭാഗങ്ങളും അന്വേഷണസംഘം കണ്ടെടുത്തു. നടപടി ക്രമങ്ങൾക്കു ശേഷം നിഷയെ കോടതിയിൽ ഹാജരാക്കും.

Post a Comment