3000 രൂപ കെെക്കൂലി വാങ്ങിയതിന് ഡോക്ടര്‍ അറസ്റ്റില്‍; പിന്നാലെ പ്രതിയുടെ വീട്ടില്‍ നിന്ന് വിജിലന്‍സ് കണ്ടെത്തിയത് 15ലക്ഷം രൂപ

 


തൃശ്ശൂർ : ശസ്ത്രക്രിയ നടത്താൻ കെെക്കൂലി വാങ്ങിയ ഡോക്‌ടറുടെ വീട്ടില്‍ നിന്ന് വിജിലൻസ് കണ്ടെത്തിയത് അനധികൃതമായി സൂക്ഷിച്ച 15ലക്ഷം രൂപ.


തൃശൂര്‍ മെഡിക്കല്‍ കോളേജിലെ അസ്ഥി രോഗ വിഭാഗം ഡോക്ട‌ര്‍ ഷെറി ഐസക്കിനെയാണ് 3000 രൂപ കെെക്കൂലി വാങ്ങിയതിന് വിജിലൻസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് 15 ലക്ഷം രൂപ കണ്ടെത്തിയത്. 2000, 500, 200, 100 നോട്ടുകളാണ് വീട്ടില്‍ നിന്ന് ലഭിച്ചത്.


പാലക്കാട് സ്വദേശിയുടെ പരാതിയിലായിരുന്നു വിജിലൻസ് നടപടി. അപകടത്തില്‍ പരിക്കേറ്റ യുവതിയുടെ ഭര്‍ത്താവിനോട് ശസ്ത്രക്രിയ്ക്ക് വേണ്ടി ഡോക്ടര്‍ കെെക്കൂലി ചോദിക്കുകയായിരുന്നു. സര്‍ജറിയ്ക്ക് ഡേറ്റ് നല്‍കാൻ സ്വകാര്യ പ്രാക്‌ടീസ് നടത്തുന്ന ഓട്ടുപാറയിലുള്ള ക്ലിനിക്കില്‍ 3000 രൂപ എത്തിക്കാനായിരുന്നു ഷെറി ആവശ്യപ്പെട്ടത്.


തുടര്‍ന്ന് ഭര്‍ത്താവ് വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലൻസ് പരാതിക്കാരന് ഫിനോള്‍ഫ്‌തലിൻ പുരട്ടിയ നോട്ട് കൊടുത്തയച്ചു. കെെക്കൂലി വാങ്ങിയതിന് പിന്നാലെ വിജിലൻസ് ഷെറി ഐസക്കിനെ കെെയോടെ പിടികൂടുകയായിരുന്നു. നേരത്തെയും ഷെറി ഐസക്കിനെപ്പറ്റി കെെക്കൂലി പരാതി ഉയര്‍ന്നിരുന്നെങ്കിലും തെളിവില്ലാത്തതിനാല്‍ രക്ഷപെടുകയായിരുന്നു.

Post a Comment

Previous Post Next Post