പെരുമ്പടവ് : കാട്ടുപന്നിശല്യത്തിൽ പൊറുതിമുട്ടി മലയോരക്കർഷകർ. പെരുമ്പടവ്, കരിപ്പാൽ, നായ്ക്കുന്ന് പ്രദേശങ്ങളിലെ കർഷകരുടെ കപ്പ, വാഴ, ചേമ്പ്, ചേന, കാച്ചിൽ തുടങ്ങിയ വിളകൾ നിരന്തരം നശിപ്പിക്കാൻ തുടങ്ങിയതോടെ ദിവസേന ആയിരക്കണക്കിന് രൂപയുടെ നാശമാണ് കർഷകർക്കുണ്ടാകുന്നത്.
റബ്ബർത്തൈകളുടെ നാമ്പ് കടിച്ച് നശിപ്പിക്കുന്നതും വളർച്ചയെത്തിയവയുടെ തോൾ ഉരിച്ചുകളയുന്നതും പതിവായി. കഴിഞ്ഞദിവസം പെരുമ്പടവ് സ്വദേശി സജി കപ്പൂരിന്റെ രണ്ടരയേക്കറിലെ 20 റബ്ബർമരങ്ങളും കപ്പയും കാച്ചിലും നശിപ്പിച്ചു.
പറമ്പ് മുഴുവൻ കുത്തിമറിച്ചിട്ടതിനാൽ ഒരു കൃഷിയും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണെന്ന് ഇദ്ദേഹം പറയുന്നു. കരിപ്പാൽ സ്വദേശി എം.സി.സാബുവിന്റെ രണ്ടേക്കർ സ്ഥലത്തെ 500 മൂട് കപ്പ മുഴുവൻ നശിപ്പിച്ചു. രാവിലെ റബ്ബർ വെട്ടാനിറങ്ങുന്ന കർഷകരെ പന്നി ഓടിക്കുന്നത് പതിവാണെന്ന് ഇദ്ദേഹം പറയുന്നു.
പലതവണ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. കാട്ടുപന്നിശല്യം രൂക്ഷമായതോടെ പലരും കൃഷി ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ്.
Post a Comment