ചെറുവത്തൂര്‍: തേജസ്വിനിപ്പുഴയ്ക്കു കുറുകേ കാര്യങ്കോട് നിര്‍മിച്ച പുതിയ റെയില്‍വേ പാലം ഉപയോഗസജ്ജമാക്കുന്നതിന്‍റെ ഭാഗമായി 10 മുതല്‍ 12 വരെയും 18നും ദേശീയപാതയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും.
റെയില്‍പാതയും വൈദ്യുതലൈനുകളും പുതിയ പാലവുമായി ബന്ധിപ്പിക്കുന്ന ജോലികളാണ് നടക്കുന്നത്. ഈ പ്രവൃത്തികള്‍ 24നകം പൂര്‍ത്തിയാക്കി ഈ മാസം തന്നെ പുതിയ പാലത്തിലൂടെ ട്രെയിനുകള്‍ ഓടിക്കാനാണ് ലക്ഷ്യമിടുന്നത്.
10ന് രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയും 11ന് വൈകുന്നേരം ആറുമുതല്‍ 12ന് രാവിലെ ആറുവരെയും 18ന് രാവിലെ 10 മുതല്‍ രാത്രി 10 വരെയും പള്ളിക്കര റെയില്‍വേ ഗേറ്റ് പൂര്‍ണമായും അടച്ചിടും. ഈ ദിവസങ്ങളില്‍ ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങള്‍ ചായ്യോത്ത് അരയാക്കടവ് പാലം വഴിയും നീലേശ്വരം കോട്ടപ്പുറം പാലം വഴിയും തിരിഞ്ഞുപോകണമെന്ന് നീലേശ്വരം പോലീസ് അറിയിച്ചു. ഈ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗതത്തിനും നിയന്ത്രണങ്ങളുണ്ടാകും.
പുതിയ പാലം തുറക്കുന്നതോടെ 115 വര്‍ഷം പഴക്കമുള്ള കാര്യങ്കോട്ടെ പഴയ റെയില്‍വേ പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും അവസാനിപ്പിക്കും.
നിലവില്‍ കാലപ്പഴക്കവും ബലക്ഷയവുമുള്ള പാലത്തിലൂടെ വന്ദേഭാരത് അടക്കമുള്ള ട്രെയിനുകള്‍ 30 കിലോമീറ്റര്‍ മാത്രം വേഗത്തിലാണ് ഓടുന്നത്. പുതിയ പാലം തുറക്കുന്നതോടെ ഇവയ്ക്ക് 110 കിലോമീറ്റര്‍ വരെ വേഗമെടുക്കാന്‍ കഴിയും.

Post a Comment