കണ്ണൂർ :സംസ്ഥാനസർക്കാരിന്റെ പുതിയ ക്വാറിനയത്തിൽ തിരുത്തൽ ആവശ്യപ്പെട്ട് ജില്ലയിലെ ക്വാറി-ക്രഷർ സംരംഭങ്ങളുടെ പണിമുടക്ക് രണ്ടാം ആഴ്ചയിലേക്ക്. ഈ മാസം നാലിനാണ് പണിമുടക്ക് തുടങ്ങിയത്. പിന്നീട് സ്റ്റോക്കുള്ള ക്വാറി ഉത്പന്നങ്ങൾ ഉപയോഗിച്ചാണ് ദേശീയപാതയുടെതടക്കമുള്ളവയുടെ നിർമാണം നടത്തിയത്. മറ്റു ജില്ലകളിൽനിന്ന് ക്വാറി ഉത്പന്നങ്ങൾ എത്തിക്കുകയും ചെയ്തിരുന്നു.
സംസ്ഥാനമൊട്ടാകെ ക്വാറികളും ക്രഷറുകളും അനിശ്ചിതകാലത്തേക്ക് പണിമുടക്കുന്ന സാഹചര്യത്തിൽ പൊതുമരാമത്ത് പ്രവൃത്തികൾ ഉൾപ്പെടെ സ്തംഭിക്കുമെന്ന് കരാറുകാർ പറയുന്നു. പുതിയ ക്വാറിനയം തിരുത്തുക, പട്ടയഭൂമിയിലെ ഖനനത്തിന് അനുമതി നൽകുക, റവന്യൂ ക്വാറികളുടെ പ്രവർത്തനാനുമതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ക്വാറി ഉടമകൾ പണിമുടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വ്യവസായ, ജിയോളജി, റവന്യൂ തുടങ്ങിയ വകുപ്പുകൾക്ക് ഓൾ കേരള ക്വാറി-ക്രഷർ കോ-ഓർഡിനേഷൻ കമ്മിറ്റി നിവേദനം നൽകിയിട്ടുണ്ട്.
സംസ്ഥാനത്താകെ രണ്ടുലക്ഷത്തിലധികം തൊഴിൽസാധ്യതകൾ ക്വാറി-ക്രഷർ സംരംഭങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതിനുപുറമേ നിർമാണമേഖലയുമായി ബന്ധപ്പെട്ട് നിരവധി ചെറുകിട വ്യവസായ സംരംഭങ്ങളും അനുബന്ധ പ്രവർത്തനങ്ങളും തൊഴിലവസരങ്ങളുമുണ്ട്.
ക്വാറിമേഖലയുടെ സ്തംഭനം ഇത്തരം തൊഴിൽമേഖലകളെ ഒന്നടങ്കം ബാധിച്ചിരിക്കുകയാണെന്നും വിഷയത്തിൽ അടിയന്തര പരിഹാരമുണ്ടാക്കണമെന്നും എൻവയൺമെന്റൽ ക്ലിയറൻസ് (ഇ.സി.) ഹോൾഡേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ പറഞ്ഞു.

Post a Comment