ചര്‍മമുഴ വന്ന പശുക്കള്‍ക്ക് സൗജന്യ ചികിത്സ: മന്ത്രി ജെ. ചിഞ്ചുറാണി

 


തിരുവനന്തപുരം: ചര്‍മമുഴ വന്ന പശുക്കളുടെ ചികിത്സ മൃഗാശുപത്രി വഴി സൗജന്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി.


എല്ലാ വീടുകളിലും വാക്സിന്‍ നല്‍കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കാലിത്തീറ്റയില്‍ മായം ചേര്‍ക്കുന്നത് തടയാനുള്ള നിയമം ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.


കാലിത്തീറ്റയിലെ മായം തടയാന്‍ ബില്‍ തയ്യാറാണ്, എത്രയും വേഗം നിയമം പാസാക്കും. നിയമം പ്രാബല്യത്തില്‍ വന്നാല്‍ കുറ്റം ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. എല്ലാ വീടുകളിലും വാക്സിന്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ നടത്തിവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 30,000 രൂപ, 16,000 രൂപ, 5,000 രൂപ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ധനസഹായം നല്‍കുക. രോഗം ബാധിച്ച്‌ ചത്ത പശുക്കള്‍ക്കാണ് സഹായം. പശുക്കളുടെ വലുപ്പവും പ്രായവും കണക്കിലെടുത്താണ് ധനസഹായം. ഇന്‍ഷുറന്‍സ് നല്‍കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തും.


അതേസമയം, ആര്യങ്കാവില്‍ പിടികൂടിയ പാലിലെ മായം കണ്ടെത്താന്‍ കഴിയാത്തത് സമയം വൈകിയതിനാലാണെന്ന് മന്ത്രി ചിഞ്ചുറാണി നിയമസഭയില്‍ ആവര്‍ത്തിച്ചു. ക്ഷീരവികസന വകുപ്പിനും പരിശോധനയിലും നിയമനടപടികളിലും നിയമപരമായ അധികാരം നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിച്ച്‌ വരികയാണ്. നിലവില്‍ നിയമനടപടി സ്വീകരിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് അധികാരമുള്ളതിനാല്‍ ഉത്തരവാദിത്തം ഭക്ഷ്യസുരക്ഷാ വകുപ്പിനാണ്. നിയമസഭയ്ക്ക് പുറത്ത് മൃഗസംരക്ഷണ വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും തമ്മില്‍ ഭിന്നതയുണ്ടാക്കുന്ന വിഷയമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post