കെ.എസ്.ആർ.ടി.സി. റൂട്ട് ഏറ്റെടുത്തു; രണ്ടരപ്പതിറ്റാണ്ടിന്റെ ഓട്ടം അവസാനിപ്പിച്ച് ഹോളി ഫാമിലി

 .




ആലക്കോട് :കെ.എസ്.ആർ.ടി.സി. 140-ൽ അധികം കിലോമീറ്ററുള്ള ദീർഘദൂര റൂട്ടുകൾ ഏറ്റെടുത്തതോടെ സംസ്ഥാനത്തിന്റെ രണ്ടറ്റത്തുള്ള കുടിയേറ്റ മേഖലകളെ ബന്ധിപ്പിച്ച് 25 വർഷങ്ങളായി സർവീസ് നടത്തിയിരുന്ന ഹോളി ഫാമിലി ബസ് സർവീസ് നിർത്തി.

തൊണ്ണൂറുകളുടെ അവസാനമാണ് കട്ടപ്പനയെയും കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരത്തെയും ബന്ധിപ്പിച്ച് ഹൈറേഞ്ച്-മലബാർ നൈറ്റ് എക്സ്പ്രസ് എന്ന പേരിൽ ഹോളി ഫാമിലി ബസ് സർവീസ് ആരംഭിക്കുന്നത്.

കോട്ടയം ജില്ലയിലെ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽനിന്ന് കുടിയേറിയ കർഷകരുടെ സാന്നിധ്യം രണ്ടിടത്തുമുള്ളതാണ് ഇങ്ങനെയൊരു ബസ് റൂട്ടിന് വഴിയൊരുക്കിയത്. ബസ് മാനേജ്മെന്റിന്റെ കണക്കുകൂട്ടലുകൾ തെറ്റിയില്ല.

കട്ടപ്പന സ്റ്റാൻഡിൽ നിന്ന് ബസ് പുറപ്പെടുമ്പോൾതന്നെ സീറ്റുകൾ നിറയും. ഹൈറേഞ്ചിലേയും മലബാറിലേയും യാത്രക്കാർ ഈ ബസ് റൂട്ടിനെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

രണ്ട് ബസുകളാണ് 450-ൽ അധികം കിലോമീറ്ററുള്ള ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്. വൈകിട്ട് 6.30-ന് കട്ടപ്പന സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന ബസ് രാവിലെ ഏഴിന് കണ്ണൂരെത്തും. അതേസമയത്ത് തന്നെ കണ്ണൂരിൽ നിന്നുള്ള ബസ് കട്ടപ്പനയിലേക്കും പുറപ്പെട്ടിട്ടുണ്ടാകും.

യാത്രക്കാർക്ക് പുറമെ, വിവിധ വസ്തുക്കളും ലഗേജുകളും അയയ്ക്കാനും ബസ് സർവീസിനെ മലബാറിലും ഹൈറേഞ്ചിലും താമസിക്കുന്ന ആളുകൾ ഈ ബസ് സർവീസിനെ ഉപയോഗിച്ചിരുന്നു.


സർവീസ് നിർത്താൻ നിർബന്ധിതരായിരിക്കുന്ന വിവരം ബസ് മാനേജ്മെന്റ് മാർച്ച് രണ്ടാം തീയതി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. സംസ്ഥാന ഗതാഗത വകുപ്പിന്റെ നിർദേശ പ്രകാരം 140 കിലോമീറ്ററിൽ കൂടുതൽ ദൂരം ഓടുന്ന പ്രൈവറ്റ് ബസുകൾ നിർത്തിവെക്കാനുള്ള ഉത്തരവ് നമുക്കും ലഭിച്ചിരിക്കുകയാണ്.

ഈ നിർദേശം പാലിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സർവീസ് നിർത്തിവയ്ക്കുകയാണ്. യാത്രക്കാർ നൽകിയ സഹകരണത്തിന് നന്ദി എന്ന കുറിപ്പാണ് ബസ് മാനേജ്മെന്റ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്

Post a Comment

Previous Post Next Post