കണ്ണൂരില്‍ നിന്നുളള ആദ്യത്തെ സ്പീക്കര്‍; എ എന്‍ ഷംസീര്‍ ഇനി സഭാനാഥന്‍

 


തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എ എന്‍ ഷംസീര്‍ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ അന്‍വര്‍ സാദത്തിനെ 40ന് എതിരെ 96 വോട്ടുകള്‍ക്കാണ് ഷംസീര്‍ തോല്‍പ്പിച്ചത്.

കേരള നിയമസഭയുടെ 24-ാമത് സ്‌പീക്കറായാണ് ചുമതലയേല്‍ക്കുന്നത്. കണ്ണൂരില്‍നിന്നുള്ള ആദ്യ സ്പീക്കറാണ് ഷംസീര്‍. കഴിഞ്ഞ ആഴ്ചയാണ് എ എന്‍ ഷംസീറിനെ സ്പീക്കറാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. എംഎല്‍എയായി രണ്ടാമൂഴത്തില്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് എത്തുകയെന്ന നേട്ടവും ഷംസീറിനെ തേടിയെത്തി. സംഘടനാ-പാര്‍ലമെന്‍ററി രംഗങ്ങളില്‍ കൂടുതല്‍ ചെറുപ്പക്കാരെ പരിഗണിക്കണമെന്ന് ഇക്കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനം തീരുമാനിച്ചിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് ഷംസീറിനെയും രാജേഷിനെയും നിര്‍ണായക സ്ഥാനങ്ങളിലേക്ക് പാര്‍ട്ടി നിശ്ചയിച്ചത്.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ അഡ്വ എ എന്‍ ഷംസീര്‍ പൊതുരംഗത്തെത്തിയത്‌. കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍റെ ആദ്യ ചെയര്‍മാനായിരുന്നു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ്‌ സെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌, സംസ്ഥാന പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ബ്രണ്ണന്‍കോളേജില്‍ നിന്ന്‌ ഫിലോസഫി ബിരുദവും പാലയാട്‌ ക്യാമ്ബസില്‍ നിന്ന്‌ നരവംശശാസ്‌ത്രത്തില്‍ ബിരുദാനന്തരബിരുദവുമെടുത്ത ശേഷം പാലയാട്‌ സ്‌കൂള്‍ ഓഫ്‌ ലീഗല്‍ സ്‌റ്റഡീസിലാണ്‌ എല്‍എല്‍ബിയും എല്‍എല്‍എമ്മും പൂര്‍ത്തിയാക്കി.

Post a Comment

Previous Post Next Post